അടിച്ചാല്‍ തിരിച്ചടിക്കുന്നത് തന്റെ സ്വഭാവം; പാതാളത്തില്‍ ഒളിച്ചാലും അവിടെനിന്നും വലിച്ചുപുറത്തിട്ട് ഇല്ലാതാക്കും: വെല്ലുവിളിച്ച് മോദി

single-img
5 March 2019

കൃത്യമായി മറുപടി നല്‍കുന്നതു തന്റെ പ്രകൃതമാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. അടിച്ചാല്‍ തിരിച്ചടിക്കും, ഭീകരരെ അവരുടെ വീട്ടില്‍ക്കയറി ഇല്ലാതാക്കുമെന്നും മോദി പറഞ്ഞു. അഹമ്മദാബാദില്‍ പൊതുപരിപാടിയില്‍ സംസാരിക്കുമ്പോഴാണ് മോദി വെല്ലുവിളി നടത്തിയത്.

ഭീകരര്‍ ഭൂമിക്കടിയില്‍ ഒളിച്ചാലും പുറത്തുവലിച്ചിട്ടു വകവരുത്തുമെന്നും മോദി പറഞ്ഞു. ശത്രുക്കളെ അവരുടെ പ്രദേശത്തെത്തി നേരിടുകയെന്നതാണു നമ്മുടെ നയം. അതിനായി കൂടുതല്‍ കാലം കാത്തിരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും മോദി പറഞ്ഞു.

വോട്ട് നേടാന്‍ വേണ്ടിയാണ് വ്യോമാക്രമണം നടത്തിയതെന്ന പ്രതിപക്ഷ ആരോപണത്തെയും മോദി വിമര്‍ശിച്ചു. ആദ്യത്തെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് ഉണ്ടാകുമ്പോള്‍ തെരഞ്ഞെടുപ്പുകള്‍ ഉണ്ടായിരുന്നോ എന്ന് അദ്ദേഹം ചോദിച്ചു.

കഴിഞ്ഞ നാല് പതിറ്റാണ്ടായി നമ്മളെ ഭീകരവാദം വേട്ടയാടുന്നു. താന്‍ അധികാരത്തെ പരിഗണിക്കുന്നില്ല. രാജ്യത്തിന്റെ സുരക്ഷമാത്രമാണ് തന്റെ പരിഗണനയെന്നും മോദി പറഞ്ഞു.