കുടിവെള്ള ലഭ്യത ഉറപ്പാക്കാൻ ജനകീയ സമിതികൾ, കുടിവെള്ള ക്ഷാമവും വരൾച്ചയും നേരിടാൻ മുൻകരുതൽ സ്വീകരിക്കണം: മുഖ്യമന്ത്രി

single-img
5 March 2019

തിരുവനന്തപുരം: കുടിവെള്ളക്ഷാമവും വരൾച്ചയും നേരിടാൻ മുൻകരുതൽ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകി. കടുത്ത വരൾച്ചയെ നേരിടുന്നതിനും വേനൽക്കാല ജലവിനിയോഗവും വിതരണവുമായി ബന്ധപ്പെട്ടും ജില്ലാ കളക്ടർമാരുമായി വീഡിയോ കോൺഫറൻസിലൂടെ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വേനൽകടുത്താൽ ജലസംഭരണികളിൽ വെള്ളം കുറയും. ഇതിനെ നേരിടാൻ നല്ല രീതിയിലുള്ള ഒരുക്കം വേണം. മനുഷ്യർക്കൊപ്പം പക്ഷിമൃഗാദികൾക്കും കുടിവെള്ളം ലഭ്യമാക്കാൻ നടപടി സ്വീകരിക്കണം. കുടിവെള്ള ലഭ്യത ഉറപ്പാക്കുന്നതിനും വരൾച്ചാ പ്രവർത്തനങ്ങൾക്കുമായി തദ്ദേശസ്ഥാപനം മുതൽ ജില്ലാതലം വരെ ജനകീയ സമിതികൾ രൂപീകരിക്കണം. പൊതുഇടങ്ങളിലും സ്ഥാപനങ്ങളിലും കുടിവെള്ളം ലഭ്യമാക്കുന്നതിന് ജനങ്ങളുടെ സഹകരണത്തോടെ നടപടിയെടുക്കണം. ജലവിഭവ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ദ്രുതകർമ സേനയ്ക്ക് രൂപം നൽകണം. വേനൽ കടുക്കുന്ന സാഹചര്യത്തിൽ വന്യമൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങാൻ സാധ്യതയുള്ളതിനാൽ വനംവകുപ്പ് ശക്തമായ നിരീക്ഷണം ഏർപ്പെടുത്തണം.

പൊതുജലസ്രോതസുകളിലെ വെള്ളം ഫലപ്രദമായി വിനിയോഗിക്കണം. വെള്ളം പാഴാക്കാതിരിക്കാനും കുടിവെള്ള സ്രോതസുകൾ സംരക്ഷിക്കാനും വിപുലമായ ബോധവത്കരണം നടത്തണം. തൊഴിലുറപ്പ്, കുടുംബശ്രീ, അംഗൻവാടി, ആശപ്രവർത്തകരെ ആശയപ്രചാരണത്തിന് പ്രയോജനപ്പെടുത്തണം. ജലവിതരണത്തിന് ഒരു കലണ്ടർ രൂപീകരിക്കണം. ഓരോ സ്ഥലത്തേയും സാഹചര്യങ്ങൾക്കനുസരിച്ച് ജലവിതരണത്തിന് പ്രായോഗികമായ നടപടി സ്വീകരിക്കണം. ജലസ്രോതസുകളിലെ മലിനീകരണം തടയാൻ ആവശ്യമെങ്കിൽ നിയമനടപടി സ്വീകരിക്കണം. വേനൽക്കാലത്ത് ഉപയോഗിക്കാനാവുന്ന ജലസ്രോതസുകൾ കണ്ടെത്തണം. ആഴ്ചതോറും സ്രോതസുകളിലെ വെള്ളത്തിന്റെ അളവ് തിട്ടപ്പെടുത്തണം. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാവാതിരിക്കാൻ നല്ല മുന്നൊരുക്കം വേണമെന്ന് മുഖ്യമന്ത്രി ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകി. കുറഞ്ഞ ചെലവിൽ വേഗത്തിൽ വെള്ളം എത്തിക്കാനുള്ള നടപടിയാണുണ്ടാവേണ്ടത്. തുറന്ന സ്ഥലത്ത് 11 മണിക്കും മൂന്നിനുമിടയിൽ ജോലി ചെയ്യുന്നത് ഒഴിവാക്കാനും മുഖ്യമന്ത്രി നിർദ്ദേശിച്ചു.

ഉപേക്ഷിക്കപ്പെട്ട ക്വാറികളെ ജലസ്രോതസായി വിനിയോഗിക്കണം. ഇവിടത്തെ വെള്ളം പരിശോധിച്ച്, അളവ് കണക്കാക്കണം. ക്വാറിയിലെ വെള്ളം ആവശ്യമായ സ്ഥലങ്ങളിൽ ടാങ്കറുകളിൽ എത്തിക്കണം. കുടിവെള്ള വിതരണ ടാങ്കറുകളുടെ ശുചിത്വം ഉറപ്പാക്കണം. വേനൽ മഴയിൽ വീടുകളുടെ ടെറസിൽ പതിക്കുന്ന ജലം ഫിൽട്ടർ ചെയ്ത് കിണറുകളിൽ എത്തിക്കുന്നത് പരിഗണിക്കണം. ജലസ്രോതസുകളുടെ സംരക്ഷണത്തിനും ശുചീകരണത്തിനും ഉടനടി നടപടിയെടുക്കണം. ഇക്കാര്യത്തിൽ തദ്ദേശസ്ഥാപനങ്ങൾ നന്നായി ഇടപെടണം. നാണ്യവിളകൾക്ക് വെള്ളം എത്തിക്കാൻ കൃഷിവകുപ്പുമായി ചേർന്ന് നടപടി സ്വീകരിക്കണം. കേടായ ബോർവെല്ലുകൾ നന്നാക്കാനും നടപടിയുണ്ടാവണം. കുടിവെള്ളത്തിന്റെ ദുരുപയോഗം തടയണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ഡാമുകളിൽ നിന്നുള്ള ജലം വിതരണം ചെയ്യുന്ന കനാലുകളിലെ തടസങ്ങൾ ഒഴിവാക്കണം. ജലവിതരണത്തിലെ നഷ്ടം പരമാവധി ഒഴിവാക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.