ഇന്ത്യയുടെ ഊഴം കഴിഞ്ഞു, ഇനി ഞങ്ങളുടേത്; പാക്കിസ്ഥാനില്‍ കയറിയടിക്കുമെന്ന മുന്നറിയിപ്പുമായി ഇറാന്‍

single-img
5 March 2019

പാക്കിസ്ഥാന് ഇറാന്റെ മുന്നറിയിപ്പ്. തീവ്രവാദം അവസാനിപ്പിക്കാന്‍ നടപടി എടുക്കണം. പാക്കിസ്ഥാന്‍ നടപടി എടുത്തില്ലെങ്കില്‍ ആ ജോലി ഏറ്റെടുക്കേണ്ടി വരും. പാക്കിസ്ഥാന്‍ ഇറാനിലേക്ക് ഭീകരവാദം കയറ്റി അയക്കുകയാണെന്നും ഇറാന്‍ കുറ്റപ്പെടുത്തി.

അയല്‍ രാജ്യങ്ങളുടെ അതിര്‍ത്തിയില്‍ നടക്കുന്ന എല്ലാ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കും പാകിസ്ഥാന്‍ തന്നെയാണ് കാരണമെന്ന് ഇറാന്‍ ഐ.ആര്‍.ജി.സി ഫോര്‍സ് കമാന്‍ഡര്‍ ജനറല്‍ ഖ്വാസിം സുലൈമാനി പറഞ്ഞു. സ്വന്തമായി ആണവായുധമുള്ള രാജ്യമാണ് പാകിസ്ഥാന്‍.

അങ്ങനെയുള്ള രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകളെ ഉന്മൂലനം ചെയ്യാന്‍ എന്തുകൊണ്ട് പാകിസ്ഥാന് സാധിക്കുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു. ഇറാന്റെ ക്ഷമ പാകിസ്ഥാന്‍ പരീക്ഷിക്കരുതെന്നും ഖ്വാസിം സുലൈമാനി കൂട്ടിച്ചേര്‍ത്തു.

ഭീകരരെ തടയുന്നതിനായി ഇറാന്‍–പാക്ക് അതിര്‍ത്തിയില്‍ വലിയ മതില്‍ നിര്‍മിക്കണമെന്ന് ഇറാനിയന്‍ പാര്‍ലമെന്റിലെ വിദേശ നയ കമ്മിഷന്‍ ചെയര്‍മാന്‍ ഹെഷ്മത്തുള്ള ഫലഹത്പിഷെ ആവശ്യപ്പെട്ടു. അതിര്‍ത്തി വഴി ഇറാനിലേക്കുള്ള ആക്രമണങ്ങളെ ചെറുക്കണം. അതിനു പാക്കിസ്ഥാനു സാധിക്കുന്നില്ലെങ്കില്‍ ഇറാന്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമേനിയോട് ഏറ്റവും അടുപ്പമുള്ള ഉദ്യോഗസ്ഥന്‍ യഹ്യ റഹീം സഫാവിയും പാക്കിസ്ഥാനെതിരെ ശബ്ദമുയര്‍ത്തിയിട്ടുണ്ട്. പാക്കിസ്ഥാനിലെ ബലൂചിസ്ഥാനില്‍ നിന്നുള്ള ഗോത്രവിഭാഗങ്ങള്‍ക്കു ചാവേറാകാനുള്ള പരിശീലനം നല്‍കിയാണ് ഇറാനില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഭീകരര്‍ക്ക് എന്തുകൊണ്ട് പാക്കിസ്ഥാന്‍ സുരക്ഷിത താവളമാകുന്നുവെന്ന കാര്യം പാക്ക് അധികാരികള്‍ വ്യക്തമാക്കണമെന്നും യഹ്യ റഹീം ആവശ്യപ്പെട്ടിട്ടുണ്ട്. പാക്ക് ചാരസംഘടനയായ ഐഎസ്‌ഐയാണ് 45 മുതല്‍ 48 വരെ ഭീകരസംഘടനകളെ പിന്തുണയ്ക്കുന്നതെന്ന് ഇറാന്‍ മുന്‍ ഇന്റലിജന്‍സ് മേധാവിയും വരാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിയുമായ റഹ്മത്തുള്ള നബീല്‍ പറഞ്ഞു. പാക്കിസ്ഥാന്‍ ഭീകരവാദത്തെ ഒരു തന്ത്രമായാണു കാണുന്നതെന്നും ഭീകര സംഘടനയായ ജയ്ഷ് അല്‍ അദിലിനെതിരെ ഇറാന്‍ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.