ആ മിസൈല്‍ തങ്ങളുടേതല്ലെന്ന് തായ്‌വാന്‍ വ്യോമസേന: നുണക്കഥ പൊളിഞ്ഞു; പാക്കിസ്ഥാന് ‘എട്ടിന്റെ പണി’

single-img
5 March 2019

ഇന്ത്യന്‍ അതിര്‍ത്തി കടന്ന് പറന്നെത്തിയ പാക് യുദ്ധവിമാനങ്ങള്‍ എഫ് 16 ആണെന്ന് ഇന്ത്യ തെളിവ് പുറത്തു വിട്ടതോടെ ന്യായീകരണവുമായി എത്തിയ പാക്കിസ്ഥാന് കനത്ത തിരിച്ചടി. ഇന്ത്യ ഹാജരാക്കിയ മിസൈല്‍ തായ്‌വാന്റെതാണെന്ന പാക് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് തള്ളി തായ് വ്യോമസേന തന്നെ രംഗത്തെത്തി.

ഇന്ത്യ ഹാജരാക്കിയ മിസൈല്‍ ഭാഗങ്ങളിലെ തിരിച്ചറിയല്‍ നമ്പരും തങ്ങളുടെ പക്കലുള്ള മിസൈല്‍ നമ്പരും ചേരുന്നതല്ലെന്ന് തായ്‌വാന്‍ സേന അറിയിച്ചു. അമേരിക്കന്‍ നിര്‍മിത മിസൈലുകള്‍ ഇന്ത്യക്കു നല്‍കിയിട്ടില്ലെന്നും തായ്‌വാന്‍ വ്യക്തമാക്കി.

അത്യാധുനിക എഫ് 16 വിമാനങ്ങള്‍ ഉപയോഗിച്ച് അംറാം (AMRAAM) എന്ന മിസൈലാണ് ഇന്ത്യക്ക് നേരെ പാകിസ്ഥാന്‍ തൊടുത്തത് എന്ന് സേനാമേധാവികള്‍ തെളിവ് സഹിതം നേരത്തെ പുറത്തുവിട്ടിരുന്നു. എന്നാല്‍ അതിര്‍ത്തി കടന്നെത്തിയത് എഫ് 16 യുദ്ധവിമാനങ്ങളല്ലെന്നായിരുന്നു പാകിസ്ഥാന്‍ വ്യക്തമാക്കിയത്.

ഇത്തരം പ്രകോപനപരമായ രീതിയില്‍ എഫ് 16 വിമാനങ്ങള്‍ ഉപയോഗിക്കുന്നതിലൂടെ അമേരിക്കയും പാകിസ്ഥാനും തമ്മിലുള്ള കരാര്‍ റദ്ദാകാന്‍ വരെ സാധ്യതയുണ്ട്. 2016ലാണ് അമേരിക്ക പാകിസ്ഥാന് എട്ട് എഫ് 16 വിമാനങ്ങള്‍ കൈമാറിയത്. ഇതിനെ ഇന്ത്യ ശക്തമായി എതിര്‍ക്കുകയും ചെയ്തിരുന്നു. ആഗോളതലത്തില്‍ത്തന്നെ ഏറ്റവും വലിയ ആയുധവില്‍പനക്കാരാണ് അമേരിക്ക. കര്‍ശനമായ ആയുധക്കരാറുകള്‍ അടിസ്ഥാനപ്പെടുത്തിയാണ് അമേരിക്ക മറ്റ് ലോകരാജ്യങ്ങള്‍ക്ക് ആയുധങ്ങള്‍ വില്‍ക്കുന്നത്.

ആയുധങ്ങള്‍ ദുരുപയോഗം ചെയ്താല്‍ ഏകപക്ഷീയമായി കരാറുകള്‍ റദ്ദാക്കാന്‍ വരെ അമേരിക്ക തയ്യാറാകും. ആയുധവില്‍പനയിലൂടെ കൊയ്യുന്ന കോടികള്‍, ഒരു കാരണവശാലും നഷ്ടപ്പെടുത്താന്‍ അമേരിക്ക തയ്യാറാകില്ല. അതുകൊണ്ടുതന്നെ വിവരങ്ങള്‍ സ്ഥിരീകരിക്കാനായി അമേരിക്ക പാകിസ്ഥാനില്‍ നിന്ന് വിശദാംശങ്ങള്‍ തേടിയിരിക്കുകയാണ്.

‘ആഭ്യന്തരകലാപങ്ങളും തീവ്രവാദപ്രവര്‍ത്തനങ്ങളും തടയാനാണ്’ എഫ് 16 വിമാനങ്ങള്‍ വാങ്ങുന്നതെന്നാണ് പാകിസ്ഥാന്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ അയല്‍രാജ്യത്തേക്ക് കടന്നുകയറി മിസൈല്‍ വര്‍ഷിക്കാന്‍ ഈ യുദ്ധവിമാനം ഉപയോഗിച്ചതിലൂടെ കുരുക്കിലായിരിക്കുകയാണ് പാകിസ്ഥാന്‍.