വിജയിക്കുമെന്ന കാര്യത്തില്‍ സംശയമില്ല: ആത്മവിശ്വാസത്തില്‍ സി.ദിവാകരന്‍

single-img
5 March 2019

തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ ഇടത് സ്ഥാനാര്‍ഥി സി.ദിവാകരന്‍ പ്രചാരണം തുടങ്ങി. വിജയിക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് സി.ദിവാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു. രാവിലെ എ.കെ.ജി. സെന്ററിലെത്തി കോടിയേരി ബാലകൃഷ്ണനുമായി ദിവാകരന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്തുണ തേടി മണ്ഡലത്തിലെ പ്രമുഖ വ്യക്തികളെയും സന്ദര്‍ശിച്ചു. കവയിത്രി സുഗതകുമാരിയെ കണ്ടശേഷം ഒഎന്‍വി, പി.ഗോവിന്ദന്‍പിള്ള എന്നിവരുടെ കുടുംബങ്ങളെയും സന്ദര്‍ശിച്ചു.

അതേസമയം സി. ദിവാകരന്റേതു തിരഞ്ഞെടുപ്പു രംഗത്തു വേറിട്ട ചരിത്രമാവുകയാണ്. കഴിഞ്ഞ തവണ പാര്‍ട്ടിക്കാരനല്ലാത്ത ബെന്നറ്റ് ഏബ്രഹാമിനെ തിരുവനന്തപുരം ലോക്‌സഭാസീറ്റില്‍ സ്ഥാനാര്‍ഥിയാക്കിയതിന്റെ പേരില്‍ ദിവാകരന്‍ കേട്ട പഴി ചില്ലറയല്ല.

ജില്ലയുടെ ചുമതലയുള്ള നിര്‍വാഹകസമിതി അംഗമെന്ന നിലയില്‍ സ്ഥാനാര്‍ഥിത്വത്തിന്റെ തന്നെ സൂത്രധാരനായി അദ്ദേഹം വിലയിരുത്തപ്പെട്ടു. പേയ്‌മെന്റ് സീറ്റെന്ന ആക്ഷേപം അന്വേഷിച്ച പാര്‍ട്ടി കമ്മിഷനും കുറ്റക്കാരിലൊരാളായി കണ്ടെത്തിയതോടെ ദിവാകരനു ദേശീയനിര്‍വാഹകസമിതി അംഗത്വം നഷ്ടമായിരുന്നു. എന്നാല്‍ അതേ ദിവാകരന്‍ ഇന്ന് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയുമായി.