25 വയസ്സുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കി കഴുത്ത് ഞെരിച്ച് കൊന്ന കേസ്: നാല് പേര്‍ അറസ്റ്റില്‍

single-img
5 March 2019

ഡല്‍ഹിയില്‍ 25 വയസ്സുകാരിയായ യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കി കൊന്ന കേസില്‍ നാല് പേര്‍ അറസ്റ്റില്‍. സൗരഭ്(19), ദിനേശ്(25), റഹിം(25), ചന്ദര്‍കേശ്(30) എന്നിവരാണ് അറസ്റ്റിലായത്. നാല് പേരും ഡല്‍ഹിയിലെ സംഘം വിഹാര്‍ മേഖലയിലെ താമസക്കാരാണ്.

പ്രതികള്‍ക്കെതിരെ കൊലക്കുറ്റം, കൂട്ടമാനഭംഗം എന്നീ കുറ്റങ്ങള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തിലെ മുഖ്യപ്രതി ധിരേന്ദര്‍ എന്നയാള്‍ക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം.

ദിനേശിന്റെ സുഹൃത്തായിരുന്നു കൊല്ലപ്പെട്ട യുവതി. ഒരു ജോലിയുമായി ബന്ധപ്പെട്ടെന്ന വ്യാജേന യുവതിയെ വിളിച്ചു വരുത്തുകയും അവരെക്കൊണ്ട് നിര്‍ബന്ധിച്ച് കത്തെഴുതിച്ച് കൊല ചെയ്യുകയായിരുന്നു.

ദിനേശും ധിരേന്ദറും തിഹാര്‍ ജയിലില്‍ ഒരുമിച്ചുണ്ടായിരുന്നു. അന്ന് ജയിലില്‍ ഉണ്ടായിരുന്ന ബണ്ടി എന്നയാളുമായി ഇവര്‍ക്ക് ശത്രുതയുണ്ടായിരുന്നു. പിന്നീട് ജയിലില്‍ നിന്ന് ഇറങ്ങിയ ശേഷം ബണ്ടിയുടെ സഹോദരന്‍ ആരുഷിനെ കേസില്‍ കുടുക്കാനും അയാളുടെ ഭൂമി കൈക്കലാക്കാനും ഇവര്‍ പദ്ധതിയിട്ടു.

യുവതിയെ കൊല ചെയ്ത ശേഷം കുറ്റം ആരുഷിലേക്ക് എത്താനായും ഇയാള്‍ കേസില്‍ അകപ്പെടാനും വേണ്ടി യുവതിയുടെ ഫോണില്‍ നിന്ന് ഇവര്‍ ആരുഷിന്റെ ഫോണിലേക്ക് വിളിച്ച് കുറേ നേരം സംസാരിച്ചുവെന്നും ഡി.സി.പി ചിന്‍മോയ് ബിസ്വാള്‍ വ്യക്തമാക്കി.

ഒരു മൊബൈല്‍ ഫോണും തന്റെ മരണത്തിന് മൂന്ന് പേര്‍ ഉത്തരവാദികളാണെന്ന് വ്യക്തമാക്കിയുള്ള ഒരു കത്തും മൃതദേഹത്തിനടുത്ത് കിട്ടിയിരുന്നതായും എന്നാല്‍ ഈ കത്ത് പ്രതികളായ ദിനേശും ധിരേന്ദറും ചേര്‍ന്ന് ചമച്ചെടുത്തതാണെന്നും പൊലീസ് പറഞ്ഞു.