വി കെ ശ്രീകണ്ഠന്റെ ജയ്ഹോ കാല്‍നടയാത്ര രാജ്യമെങ്ങും മാതൃകയാക്കാനൊരുങ്ങി കോൺഗ്രസ്; വിശദ റിപ്പോര്‍ട്ട് തേടി എഐസിസി: മേലനങ്ങാത്ത ഡിസിസി പ്രസിഡൻ്റുമാർ വിയർക്കും

single-img
4 March 2019

നിലവിൽ മേലനങ്ങാതെ പണിയെടുക്കുന്ന കോൺഗ്രസ് നേതാക്കന്മാർക്ക് വി കെ ശ്രീകണ്ഠന്‍ നയിക്കുന്ന ‘ജയ്ഹോ’ പദയാത്ര പാരയാകും. ഉടയാത്ത ഷര്‍ട്ടും ഉലയാത്ത മുണ്ടുമായി എ സി കാറില്‍ പാര്‍ട്ടി പ്രവര്‍ത്തനം നടത്തുന്ന ഡി സി സി പ്രസിഡന്റുമാര്‍ക്ക് മാതൃകയാകുകയാണ് പാലക്കാട് ഡി സി സി അധ്യക്ഷന്‍ വി കെ ശ്രീകണ്ഠൻ. ശ്രീകണ്ഠന്‍റെ ജയ്ഹോ യാത്രയുടെ ഇതുവരെയുള്ള മുഴുവന്‍ റിപ്പോര്‍ട്ടും വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ കൈമാറാന്‍ എ ഐ സി സി ആവശ്യപ്പെട്ടുവെന്നാണ് സൂചനകൾ.

ഡി സി സി പ്രസിഡന്റുമാര്‍ക്കും നേതാക്കള്‍ക്കും ജനങ്ങള്‍ക്കിടയിലിറങ്ങേണ്ടിവരുമെന്നാണ് സൂചനകൾ. കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക് ജയ്ഹോയുടെ ഇതുവരെയുള്ള പൂര്‍ണ്ണ റിപ്പോര്‍ട്ട് അടിയന്തിരമായി സമര്‍പ്പിക്കാന്‍ പാലക്കാട് ഡി സി സിക്ക് നിര്‍ദ്ദേശം നല്‍കി. ഇനി തെരഞ്ഞെടുപ്പുകള്‍ക്ക് മുമ്പ് പാര്‍ട്ടിയെ സജ്ജമാക്കാന്‍ ഡി സി സി പ്രസിഡന്റുമാരോട് ജയ്ഹോ മോഡലില്‍ പദയാത്രകള്‍ക്ക് രൂപം നല്‍കി ജനങ്ങള്‍ക്ക് ഇടയിലേക്ക് ഇറങ്ങാനുള്ള നിര്‍ദ്ദേശം നൽകുമെന്നാണ്  എഐസിസി നീക്കമെന്നും അറിയുന്നു?

പാലക്കാട് ജില്ലയില്‍ മാത്രമായി 361 കി.മീ.യാണ് വി കെ ശ്രീകണ്ഠന്റെ ജയ്ഹോ പദയാത്ര  സഞ്ചരിക്കുന്നത്. ജില്ലയിലെ 80 പഞ്ചായത്തുകളിലൂടെയും 8 നഗരസഭകളിലൂടെയും യാത്ര കടന്നുപോകും. ഒരു ദിവസം 4 പഞ്ചായത്ത് കേന്ദ്രങ്ങളില്‍ യാത്രയ്ക്ക് സ്വീകരണം നല്‍കും. മറ്റൊരു ജില്ലാ നേതൃത്വവും സഞ്ചരിക്കാത്ത  പ്രവർത്തന വഴികളിലൂടെയാണ് ശ്രീകണ്ഠൻ പദയാത്ര നയിക്കുന്നത്.

മാത്രമല്ല 25 ദിവസങ്ങള്‍കൊണ്ട് 100 പൊതുയോഗങ്ങളാണ് നടത്തുക. ഗ്രാമങ്ങള്‍ തോറും കാല്‍നടയായുള്ള ഡി സി സി അധ്യക്ഷന്റെ യാത്രയെ കാലാകാലങ്ങളായി പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമല്ലാതെ മാറി നിന്നിരുന്ന പ്രവര്‍ത്തകര്‍ പോലും ആവേശത്തോടെയാണ് സ്വീകരിച്ചത്.

‘ജയ്ഹോ’ യാത്രയിലൂടെ രണ്ടര വര്‍ഷമായി പാര്‍ട്ടിയുമായി അകന്ന് നിന്നിരുന്ന പ്രമുഖ നേതാക്കള്‍ പോലും പാര്‍ട്ടിയിലേക്ക് മടങ്ങിവന്നു. ബി ജെ പി, ജനതാദള്‍, സി പി എം പാര്‍ട്ടികളില്‍ നിന്നായി ഇതിനോടകം അഞ്ഞൂറിലേറെ പ്രവര്‍ത്തകര്‍ യാത്രാമദ്ധ്യേ കോണ്‍ഗ്രസില്‍ ചേര്‍ന്നത് ജയ്ഹോ സ്വീകരണ വേദികളില്‍ വച്ചുതന്നെയായിരുന്നു.

ഇന്നലെയും ഇന്നുമായി തൃത്താല നിയോജക മണ്ഡലത്തിലൂടെ കടന്നുപോകുന്ന പദയാത്രയില്‍ മുഴുവന്‍ സമയവും പങ്കെടുത്തുകൊണ്ടാണ് വി ടി ബലറാം എം എല്‍ എ പ്രവര്‍ത്തകരുടെ ആവേശത്തിനൊപ്പം അണിചേര്‍ന്നത്. അതുപോലെ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല വരുന്ന ദിവസം പദയാത്രയില്‍ 8 കി.മീ. ദൂരം നടക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

സംസ്ഥാന തലത്തില്‍ തന്നെ കോണ്‍ഗ്രസുകാര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായി മാറിയ ജയ്ഹോ സംബന്ധിച്ച് എ ഐ സി സി നടത്തുന്ന വിലയിരുത്തല്‍ ദേശീയ തലത്തില്‍ തന്നെ പ്രാദേശിക മേഖലകളില്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃകയാക്കാനാണ് സാധ്യത. അങ്ങനെയെങ്കില്‍ ഇപ്പോള്‍ മേലനങ്ങാതെ നടക്കുന്ന ഡി സി സി അധ്യക്ഷന്മാര്‍ക്ക് ഇനി വെയിലും ചൂടും കൊണ്ട് പ്രവര്‍ത്തകര്‍ക്കിടയിലേക്ക് ഇറങ്ങിച്ചെല്ലേണ്ടി വരും.

തെരഞ്ഞെടുപ്പുകള്‍ക്ക് പാര്‍ട്ടിയെ സജ്ജമാക്കേണ്ട സമയത്ത് ഡി സി സി അധ്യക്ഷന്‍ സീറ്റ് തരപ്പെടുത്താന്‍ നെട്ടോട്ടമോടുമ്പോള്‍ പ്രവര്‍ത്തകരെയുമായി ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെല്ലാന്‍ തീരുമാനിച്ച പാലക്കാട് ഡി സി സി അധ്യക്ഷന്‍ തന്നെയാണ് ഇപ്പോള്‍ എ ഐ സി സിയില്‍ ഹീറോ !

ഇത്തവണ പാലക്കാട് സീറ്റില്‍ കോണ്‍ഗ്രസ് മറ്റൊരു പേരും പരിഗണിക്കേണ്ടതില്ലെന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെയെങ്കില്‍ കാലങ്ങളായി കുത്തകയാക്കി വച്ചിരിക്കുന്ന മണ്ഡലത്തില്‍ സി പി എമ്മിന് ഇത്തവണ കൂടുതല്‍ വിയര്‍പ്പൊഴുക്കേണ്ടിവരുമെന്നാണ് സൂചനകൾ.