മോദിയെക്കുറിച്ചുള്ള ഡോക്യുമെന്ററിക്കായി ട്രെയിൻ കത്തിച്ചു; ട്രെയിൻ കത്തിച്ചത് ഗോധ്ര സംഭവം പുനസൃഷ്ടിക്കാൻ

single-img
4 March 2019

പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ചുള്ള ഡോക്യുമെന്ററിക്കായി ഗോധ്ര സംഭവം പുനസൃഷ്ടിക്കുന്നതിന് ട്രയിന്‍ കോച്ച് കത്തിച്ചു. ഗുജറാത്തിലെ ഗോധ്രയിൽ 2002ൽ സബർമതി എക്സ്പ്രസ് ട്രെയിനിന് തീവെച്ച സംഭവം ഷൂട്ട് ചെയ്യാനാണ് അണിയറക്കാർ ട്രെയിന്‍ കോച്ചിന് തീവെച്ചത്.

മോദി ചെറുപ്പത്തിൽ ഫ്ലാറ്റ്ഫോമിൽ ചായ വിൽപ്പന നടത്തിയിരുന്നതടക്കം ചില സീനുകൾ ചിത്രീകരിക്കാൻ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് അണിയറ പ്രവര്‍ത്തകര്‍ റയില്‍വെയെ സമീപിച്ചിരുന്നു. ഇതിന് പ്രതാപ് നഗര്‍ സ്റ്റേഷനില്‍ ചിത്രീകരണത്തിന് റയില്‍വെ അധികൃതര്‍ അനുമതിയും നല്‍കി. മാത്രമല്ല റയിൽവേയ്ക്ക് നൽകിയ സ്ക്രിപ്റ്റിൽ ഗോധ്ര കലാപത്തെ കുറിച്ച് സൂചനയും ഇല്ലായിരുന്നു. കൂടാതെ ഷൂട്ടിംഗിന് ശേഷം റയില്‍വെ കോച്ചുകള്‍ തിരിച്ചുനല്‍കണമെന്ന ഉപാധിയോടെയാണ് കോച്ചുകള്‍ അനുവദിച്ചത്. എന്നാൽ ഷൂട്ടിങ്ങിനു ശേഷം കോച്ചുകള്‍ അണിയറ പ്രവർത്തകർ കത്തിക്കുകയായിരുന്നു.

ഗോധ്ര കലാപം ഉള്‍പ്പെടുത്തി ഡോക്യൂമെന്ററി ചിത്രീകരിക്കാനാണ് ശ്രമിച്ചതെന്ന് ഡോക്യുമെന്ററി സംവിധായകന്‍ ഉമേഷ് ശുക്ല പറയുന്നത്. എന്നാൽ ഗോധ്ര കലാപം ഉൾപ്പെടുത്തി ഒരു ഡോക്യൂമെന്ററി ചിത്രീകരിക്കുന്ന വിവരം പാർട്ടി അറിഞ്ഞിട്ടില്ലെന്ന് ബിജെപി നേതാക്കളും പറയുന്നു. എന്തായാലും തീവെപ്പിലൂടെ റയില്‍വേയ്ക്ക് നാശനഷ്ടം ഉണ്ടായെന്ന് കണ്ടെത്തിയാല്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.