ചിറയ്ക്കൽ റെയിൽവേ സ്റ്റേഷനിലെ ആ 10 ടിക്കറ്റുകൾ കൂടികഴിഞ്ഞാൽ അതും ചരിത്രത്തിൻ്റെ ഭാഗമാകും

single-img
4 March 2019

ഇന്ത്യൻ റെയിൽവേയുടെ മുഖമുദ്രയായിരുന്ന ചെറിയ മഞ്ഞ കാർഡ് രൂപത്തിലുള്ള കട്ടി കടലാസിലെ ട്രെയിൻ ടിക്കറ്റ് ഓർമയാകുന്നു. ഇവയുടെ പ്രിന്റിങ് റെയിൽവേ നിർത്തിയിട്ടു നാളേറെയായെങ്കിലും ഗ്രാമപ്രദേശങ്ങളിലെ പല സ്റ്റേഷനുകളിലും  ഈ ടിക്കറ്റുകൾ ആയിരുന്നു ഉപയോഗിച്ചുകൊണ്ടിരുന്നത്. ഇപ്പോൾ കണ്ണൂർ ചിറക്കൽ സ്റ്റേഷനിൽ മാത്രമാണ് ഇത്തരം ടിക്കറ്റുകൾ നിലവിലുള്ളത്. ഈ ടിക്കറ്റുകൾ കൂടി തീരുന്നതോടെ, ബ്രിട്ടീഷ് കാലം മുതലുള്ള കട്ടിക്കടലാസ് ടിക്കറ്റ് ഇനി ചരിത്രത്തിന്റെ ഭാഗമായി മാറും.

ഇത്തരം ടിക്കറ്റ് ഉപയോഗിക്കുന്ന പാലക്കാട് ഡിവിഷനിലെ ഏക സ്റ്റേഷനാണു ചിറക്കൽ. മുൻകൂട്ടി അച്ചടിച്ചു സൂക്ഷിക്കുന്ന  ഇത്തരം ടിക്കറ്റുകൾ മറ്റൊരു സ്റ്റേഷനിലും ഇപ്പോഴില്ല. കമ്പ്യൂട്ടർ ടിക്കറ്റുകൾ വന്നതോടെ ഹാൾട്ട് സ്റ്റേഷനുകളിൽ മാത്രമായിരുന്നു കാർഡ് ടിക്കറ്റുകൾ ഉപയോഗിച്ചിരുന്നത്.

റെയിൽവേ ജീവനക്കാർ ഇല്ലാത്ത, ഏജന്റുമാർ വഴി ടിക്കറ്റ് നൽകുന്ന സ്റ്റേഷനുകളെയാണ് ഹാൾട്ട് സ്റ്റേഷൻ എന്നു വിളിക്കുന്നത്. ടിക്കറ്റിൽ സ്റ്റേഷന്റെ പേരിനൊപ്പം ‘ഹാ’ എന്നു ചേർക്കുന്നതും ഇത്തരം സ്റ്റേഷനുകളെ തിരിച്ചറിയുവാൻ വേണ്ടിയാണ്.

ചിറയ്ക്കൽ സ്റ്റേഷനിൽ ഷൊർണൂരേക്കുള്ള 10 ടിക്കറ്റുകൾ മാത്രമാണ്  ഇപ്പോൾ നിലവിലുള്ളത്. ഇതു തീർന്നാൽ ചിറക്കലിൽ നിന്നു ഷൊർണൂരേക്കു പോവാൻ അഞ്ച് രൂപ കൂടുതൽ കൊടുത്ത് പാലക്കാട്ടേക്ക് ടിക്കറ്റ് എടുക്കേണ്ടി വരുമെന്നു  റെയിൽവേ ഉദ്യോഗസ്ഥർ പറയുന്നു. സ്റ്റേഷനിൽ കംപ്യൂട്ടർ ടിക്കറ്റ് നൽകുന്നതിനുള്ള നടപടികൾ പൂർത്തിയാകാത്തതിനാൽ താൽക്കാലികമായാണ് ഈ സംവിധാനമെന്നും അവർ വ്യക്തമാക്കി.

സംസ്ഥാനത്തെ പല സ്റ്റേഷനുകളിലും ഇത്തരം ടിക്കറ്റുകൾ നേരത്തേ തീർന്നു തിരുച്ചിറപ്പള്ളിയിലെ പ്രസിൽ ആയിരുന്നു ഈ ടിക്കറ്റുകൾ അച്ചടിച്ചിരുന്നത്. ആ പ്രസ് വരെ അടച്ചുപൂട്ടിയെന്നാണു കേൾക്കുന്നത്. ചിറക്കലിലും കംപ്യൂട്ടർ ടിക്കറ്റ് നൽകാൻ തീരുമാനിച്ചെങ്കിലും നടപടികൾ വൈകുകയായിരുന്നു. അതുകൊണ്ടുമാത്രം  ഇത്തരം ടിക്കറ്റുകൾ ഇതുവരെ അവിടെയുണ്ടായിരുന്നു.