കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിന് മുന്നോടിയായി പ്രതിപക്ഷ നേതാവിൻ്റെ വസതിയിൽ ഐ ഗ്രൂപ്പ് നേതാക്കൾ രഹസ്യയോഗം ചേർന്നു; തെളിവുകൾ പുറത്ത്

single-img
4 March 2019

കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിന് മുന്നോടിയായി ഐ ഗ്രൂപ്പ് നേതാക്കൾ രഹസ്യ യോഗം  ചേർന്നതായി റിപ്പോർട്ടുകൾ. പ്രതിപക്ഷ നേതാവിന്റെ വീട്ടിൽ ഞായറാഴ്ച രാത്രി നടന്ന യോഗത്തിൽ മുതിർന്ന നേതാക്കളടക്കം പങ്കെടുക്കുന്ന ദൃശ്യങ്ങൾ ന്യൂസ് 18 ആണ് പുറത്തു വിട്ടത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഔദ്യോഗികവസതിയായ കന്റോൺമെന്റ് ഹൗസിൽ ഞായറാഴ്ച വൈകിട്ട് ആറരയ്ക്ക് ആരംഭിച്ച യോഗം എട്ടര മണി വരെ നീണ്ടതായും റിപ്പോർട്ടുകൾ പറയുന്നു.

പ്രതിപക്ഷ നേതാവിന് പുറമേ കെപിസിസി വർക്കിങ് പ്രസിഡന്റ് കെ സുധാകരൻ, പ്രചരണ വിഭാഗം ചെയർമാൻ കെ മുരളീധരൻ, ശൂരനാട് രാജശേഖരൻ, ജോസഫ് വാഴക്കൻ, ശരത്ചന്ദ്രപ്രസാദ് തുടങ്ങി പല പ്രധാന നേതാക്കളും യോഗത്തിൽ പങ്കെടുത്തു. ഇന്ന് നടക്കുന്ന കെപിസിസി തെരഞ്ഞെടുപ്പ് കമ്മറ്റിയിൽ സ്വീകരിക്കേണ്ട നിലപാടുകൾ ആണ് യോഗം ചർച്ച ചെയ്തതെന്നാണ് സൂചനകൾ.

കണ്ണൂർ ലോക്സഭാ മണ്ഡലത്തിൽ കെ സുധാകരൻ മത്സരിക്കുന്നതിൽ ധാരണയായെന്ന് അറിയുന്നു. ഐ ഗ്രൂപ്പ് നേതാവ് കൂടിയായ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ യോഗത്തിൽ പങ്കെടുത്തില്ല. എന്നാൽ അദ്ദേഹത്തിന്റെ വിശ്വസ്തനായ മുൻ മന്ത്രി എ പി അനിൽകുമാർ യോഗത്തിൽ പങ്കെടുത്തുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

കോൺഗ്രസിൽ ഗ്രൂപ്പ് അക്കൗണ്ട് ഇല്ലെന്നും വിജയ സാധ്യത മാത്രമാണ് സ്ഥാനാർത്ഥി നിർണയത്തിൽ പ്രധാന ഘടകമെന്നും നേതാക്കൾ ആവർത്തിക്കുന്നതിന് ഇടയിലാണ് ഗ്രൂപ്പ് യോഗം നടന്നത്.