മോദിയെ വീണ്ടും അധികാരത്തിലേറ്റണം; അല്ലെങ്കിൽ പാര്‍ലമെൻ്റ് കെട്ടിടം അക്രമിക്കപ്പെടുമെന്നു ബിജെപി നേതാവ്

single-img
4 March 2019

2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറിയില്ലെങ്കില്‍ പാര്‍ലമെൻ്റ് കെട്ടിടം അക്രമിക്കപ്പെടുമെന്നു ബിജെപി നേതാവും അസാം മന്ത്രിയുമായ ഹിമന്ത ബിസ്വ സര്‍മ.  മോദി അധികാരത്തിൽ വന്നില്ലെങ്കിൽ പാകിസ്ഥാന്‍ സൈന്യമോ തീവ്രവാദികളോ ഇന്ത്യന്‍ പാര്‍ലമെന്റ് കെട്ടിടം അക്രമിക്കുമെന്നും അങ്ങനെയൊരു ആക്രമണമുണ്ടായാല്‍ മോദിയില്ലാത്ത ഇന്ത്യയ്ക്ക് തിരിച്ചടിക്കാനുള്ള കരുത്തുണ്ടാവില്ലെന്നും ഹിമന്ത പറഞ്ഞു.

‘നമ്മള്‍ മോദിയെ പിന്തുണച്ച് വീണ്ടും കേന്ദ്രത്തിലും, ആസാമിലും അധികാരത്തിലേറാന്‍ സഹായിച്ചില്ലെങ്കില്‍, പാകിസ്ഥാന്‍ സൈന്യമോ തീവ്രവാദികളോ ഇന്ത്യന്‍ പാര്‍ലമെന്റ് കെട്ടിടം അക്രമിച്ചേക്കും. അപ്പോള്‍ നമ്മുടെ പ്രധാന മന്ത്രിക്ക് തിരിച്ചടിക്കാനുള്ള ധൈര്യം ഉണ്ടാവില്ല’- ഹിമന്ത പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസാണ് റിപ്പോര്‍ട്ട്  ചെയ്തിരിക്കുന്നത്.

നാഗോണ്‍ ജില്ലയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അസാമിലെ ധനകാര്യ വകുപ്പും, ആരോഗ്യവകുപ്പും കൈകാര്യം ചെയ്യുന്നത് ഹിമന്തയാണ്. രാജ്യത്തിന് നരേന്ദ്ര മോദിയെ പോലുള്ള നേതാക്കളെ ആവശ്യമുണ്ടെന്നും, പുതിയ ഇന്ത്യയ്ക്ക് തിരിച്ചടിക്കാന്‍ കഴിയുമെന്നും, പാകിസ്ഥാനെതിരെ ആവശ്യമായ നടപടി എടുക്കാനുള്ള ധൈര്യം ഉണ്ടെന്നും ഹിമന്ത പറഞ്ഞു.