ഇന്നും നാളെയും സംസ്ഥാനത്ത് ഉഷ്ണ തരംഗം; കോഴിക്കോട് ജില്ലയില്‍ ജനങ്ങള്‍ ജാഗ്രതപാലിക്കണം

single-img
4 March 2019

ഇന്നും നാളെയും സംസ്ഥാനത്ത് ഉഷ്ണ തരംഗത്തിന് സാധ്യതയെന്ന് തിരുവനന്തപുരം കലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കോഴിക്കോട് ജില്ലയില്‍ സ്ഥിതി കൂടുതല്‍ രൂക്ഷമാകുമെന്നും ജനങ്ങള്‍ ജാഗ്രതപാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

സൂര്യാതപമേല്‍ക്കാനും അതുവഴി ജീവഹാനി വരെ സംഭവിക്കാവുന്ന അവസ്ഥയാണ് ഉഷ്ണതരംഗം. രാവിലെ 11 മുതല്‍ വൈകീട്ട് 3 വരെ എങ്കിലും നേരിട്ട് സൂര്യപ്രകാശം എല്‍ക്കുന്നതിന് ഒഴിവാക്കണം, നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും കയ്യില്‍ കരുതുക, പരമാവധി ശുദ്ധജലം കുടിക്കുക, അയഞ്ഞ, ലൈറ്റ് കളര്‍ പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക എന്നിവയാണ് സൂര്യാഘാതം ഒഴിവാക്കാനുള്ള വഴികള്‍.

നേരത്തെ ദുരന്ത നിവാരണ അതോറിറ്റിയും കേരളത്തില്‍ ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. കോഴിക്കോടാണ് ഇപ്പോള്‍ താപനിലയില്‍ ഏറ്റവും മുന്നിലുള്ളത്. എന്നാൽ കണ്ണൂര്‍ മുതല്‍ തൃശൂര്‍ വരെയുള്ള ജില്ലകളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദ്ദേശിക്കുന്നു.

കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം ഞായറാഴ്ച 4.4 ഡിഗ്രിവരെ അധിക ചൂട് രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് 4, 5 തീയതികളില്‍ ഉഷ്ണതരംഗത്തിനുള്ള മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.