ബിജെപി പ്രവർത്തകർ വിൽക്കപ്പെടുന്നുവെന്ന ഊമക്കത്ത് പ്രചരിച്ചു: മുരളീധര പക്ഷക്കാരനായ ബിജെപി സംസ്ഥാന ഐടി. സെൽ കൺവീനറെ ചുമതലയിൽനിന്ന് നീക്കി

single-img
4 March 2019

‘ബി.ജെ.പി. പ്രവർത്തകർ വിൽക്കപ്പെടുന്നു’ എന്ന തലക്കെട്ടിലുള്ള കത്ത് പ്രചരിച്ചതിനെ തുടർന്ന് ബിജെപി സംസ്ഥാന ഐടി. സെൽ കൺവീനറെ  ചുമതലയിൽനിന്ന് നീക്കി. ബി.ജെ.പി. സംസ്ഥാന നേതാക്കളെ അപകീർത്തിപ്പെടുത്തുന്ന കത്തിൽ ഒരുവിഭാഗം നേതാക്കൾക്കെതിരേ രൂക്ഷവിമർശനമാണുള്ളത്. സംസ്ഥാന, ജില്ലാ നേതാക്കൾക്ക് തപാൽ വഴിയാണ് കത്ത് ലഭിച്ചത്.

മറ്റുള്ള മുന്നണികൾ സ്ഥാനാർഥികളെ നിശ്ചയിക്കുന്ന തിരക്കിലാണ്. എന്നാൽ, ബി.ജെ.പി. നേതാക്കൾ തങ്ങളുടെ കീശനിറയ്ക്കാൻ തയ്യാറെടുക്കുകയാണെന്ന് കത്തിൽ ആരോപിക്കുന്നു. ആർഎസ്എസ് നേതാക്കളെയും സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറിയെയും കത്തിൽ കുറ്റപ്പെടുത്തുന്നുണ്ട്. സംസ്ഥാന പ്രസിഡന്റിനെ നിശ്ചയിക്കുന്നതിൽ ചില ആർഎസ്എസ്. നേതാക്കൾ കാട്ടിയ പിടിവാശി അവരെ തിരിഞ്ഞുകുത്തുകയാണെന്ന് കത്തിൽ പറയുന്നു.

കത്തിനുപിന്നിൽ മുരളീധരപക്ഷമാണെന്ന് മറുവിഭാഗം പറയുന്നു. അതിനു കാരണമായി  എതിർഭാഗം ചൂണ്ടിക്കാണിക്കുന്നത് വിമർശിക്കപ്പെടുന്നവരിൽ മുരളീധരപക്ഷത്തെ രണ്ടു നേതാക്കളേയുള്ളൂവെന്നുള്ളതാണ്.. എന്നാൽ പാർട്ടിവേദിയിൽ ചർച്ചകൾ അനുവദിക്കാത്തതിനാലാണ് ഇത്തരം കത്തുകൾ ഉണ്ടാകുന്നതെന്ന് മുരളീധരപക്ഷം പറയുന്നു.

കത്ത് പ്രചരിച്ചതിനു പിന്നാലെ ബിജെപി സംസ്ഥാന ഐടി സെൽ കൺവീനർ ആനന്ദ് എസ്.നായരെ ചുമതലയിൽനിന്ന് നീക്കുകയായിരുന്നു.  മുരളീധരപക്ഷവുമായി അടുപ്പമുള്ളയാളാണ് ആനന്ദ്. തിരുവനന്തപുരം ജില്ലാ കൺവീനർ കൃഷ്ണകുമാറിനാണ് പകരം ചുമതല നൽകിയത്.

കത്തയയ്ക്കാനുള്ള മേൽവിലാസം സംഘടിപ്പിച്ചത് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിൽ നിന്നാണെന്നുള്ള സംശയമാണ് ഐടി സെൽ കൺവീനറുടെ പേരിൽ നടപടി വരാൻ കാരണമെന്നു കരുതുന്നു. എന്നാൽ ഈ രണ്ടു സംഭവങ്ങളും തമ്മിൽ ബന്ധമില്ലെന്ന് നേതൃത്വം പറയുന്നു.