കനത്ത ചൂടില്‍ വെന്തുരുകി പാലക്കാട്

single-img
3 March 2019


രാത്രികാലങ്ങളില്‍ നല്ല തണുപ്പും പകല്‍ കനത്ത ചൂടുമെന്നതാണ് പാലക്കാട്ടെ അന്തരീക്ഷം. മാര്‍ച്ച് മാസം തുടങ്ങുമ്പോള്‍ത്തന്നെ പാലക്കാട്ടെ താപനില നാല്‍പത് ഡിഗ്രിയിലേക്കടുക്കുകയാണ്. ഈ നില തുടര്‍ന്നാല്‍ വരും ദിവസങ്ങളില്‍ 42 വരെ എത്തിയാലും അത്ഭുതപ്പെടാനില്ലെന്നാണ് വിദഗ്ധരുടെ നിരീക്ഷണം.

നേരത്തെ, 2015ലാണ് പാലക്കാട് അന്തരീക്ഷ താപനില 40 കടന്നത്. അന്ന് 41.5 രേഖപ്പെടുത്തി. 2016 ല്‍ 41.9 ഉം രേഖപ്പെടുത്തി. ചൂട് കനത്തുതുടങ്ങിയ ഫെബ്രുവരിയില്‍ തന്നെ മലമ്പുഴയില്‍ ആടുകള്‍ ചത്തുവീണതും ആശങ്ക പടര്‍ത്തിയിട്ടുണ്ട്. സൂര്യാഘാതത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പും നിലനില്‍ക്കുന്നുണ്ട്.

വേനല്‍മഴയിലാണ് ഇനി പ്രതീക്ഷ. ജലസംഭരണികളിലെ വെളളം കൂടി വറ്റിയാല്‍ മാര്‍ച്ച് പകുതിയോടെ തന്നെ പാലക്കാട് വരള്‍ച്ചയിലേക്ക് കടക്കും. അതിനിടെ കേരളത്തില്‍ ഈയാഴ്ച ചൂട് പതിവിലും കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ശരാശരിയില്‍ നിന്ന് 4 ഡിഗ്രി വരെ വര്‍ധിക്കാമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.

മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാനിര്‍ദേശം നല്‍കി. പാലക്കാട്, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ അടുത്ത ദിവസങ്ങളില്‍ ചൂട് വളരെ കൂടുമെന്നും മുന്നറിയിപ്പുണ്ട്.

കോഴിക്കോട്ട് ഇന്നലെ 36.5 ഡിഗ്രി വരെ ചൂടുയര്‍ന്നതായാണ് രേഖപ്പെടുത്തിയത്. ശരാശരിയില്‍ നിന്ന് 3.4 ഡിഗ്രി അധികമാണിത്. പാലക്കാട്ട് 37.7 ഡിഗ്രിയാണ് ഉയര്‍ന്ന ചൂടെങ്കിലും ശരാശരിയില്‍ നിന്ന് 1 ഡിഗ്രി മാത്രമേ കൂടിയിട്ടുള്ളൂ.

സംസ്ഥാനത്ത് ചൂട് അധികമായ സാഹചര്യത്തില്‍ രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് 3 വരെ നേരിട്ടു വെയിലേല്‍ക്കുന്ന ജോലികള്‍ ഒഴിവാക്കണമെന്നും നിര്‍ജലീകരണം ഒഴിവാക്കാന്‍ നിരന്തരം വെള്ളം കുടിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.