കേരളം തിളയ്ക്കും; കേരളത്തില്‍ ഈയാഴ്ച ചൂട് പതിവിലും കൂടുമെന്നു കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്

single-img
3 March 2019

കേരളത്തില്‍ ഈയാഴ്ച ചൂട് പതിവിലും കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ശരാശരിയില്‍ നിന്ന് 4 ഡിഗ്രി വരെ വര്‍ധിക്കാമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.

മുന്നറിയിപ്പിൻ്റെ അടിസ്ഥാനത്തിൽ  സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാനിര്‍ദേശം നല്‍കി. പാലക്കാട്, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ അടുത്ത ദിവസങ്ങളില്‍ ചൂട് വളരെ കൂടുമെന്നും മുന്നറിയിപ്പുണ്ട്.

കോഴിക്കോട്ട് ഇന്നലെ 36.5 ഡിഗ്രി വരെ ചൂടുയര്‍ന്നതായാണ് രേഖപ്പെടുത്തിയത്.  ശരാശരിയില്‍ നിന്ന് 3.4 ഡിഗ്രി അധികമാണിത്. പാലക്കാട്ട് 37.7 ഡിഗ്രിയാണ് ഉയര്‍ന്ന ചൂടെങ്കിലും ശരാശരിയില്‍ നിന്ന് 1 ഡിഗ്രി മാത്രമേ കൂടിയിട്ടുള്ളൂ.

സംസ്ഥാനത്ത് ചൂട് അധികമായ സാഹചര്യത്തിൽ രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് 3 വരെ നേരിട്ടു വെയിലേല്‍ക്കുന്ന ജോലികള്‍ ഒഴിവാക്കണമെന്നും നിര്‍ജലീകരണം ഒഴിവാക്കാന്‍ നിരന്തരം വെള്ളം കുടിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.