ക്രിസ് ഗെയ്ല്‍ തുനിഞ്ഞിറങ്ങിയാല്‍ പിന്നെ രക്ഷയില്ല; തിരുത്തിയത് സ്വന്തം റെക്കോഡ്

single-img
3 March 2019

ഏറെ കാലത്തിന് ശേഷം വിന്‍ഡീസ് ഏകദിന ടീമിലേക്കുള്ള തിരിച്ചുവരവ് ആഘോഷമാക്കിയിരിക്കുകയാണ് ഗെയ്ല്‍. ഇംഗ്ലണ്ടിനെതിരെ ഏകദിന പരമ്പരയില്‍ നാല് ഇന്നിങ്സുകളിലായി നേടിയത് 424 റണ്‍സ്. ഇതില്‍ രണ്ട് വീതം സെഞ്ചുറിയും അര്‍ധ സെഞ്ചുറിയും. കൂടെ മാന്‍ ഓഫ് ദ സീരീസും.

ഗ്രോസ് ഐസ്ലെറ്റില്‍ ഇംഗ്ലണ്ടിനെതിരേ നടന്ന അഞ്ചാം ഏകദിനത്തില്‍ കൊടുങ്കാറ്റായി വീശിയ ഗെയ്ല്‍ വെസ്റ്റിന്‍ഡീസിന് ഒരു ജയം സമ്മാനിക്കുക മാത്രമല്ല, സ്വന്തം പേരില്‍ ഒരു പുതിയ റെക്കോഡ് കുറിക്കുക കൂടിയാണ് ചെയ്തത്.

ഒരു ഏകദിന പരമ്പരയില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് നേടുന്ന താരമെന്ന സ്വന്തം റെക്കോഡാണ് ഗെയ്ല്‍ ഇംഗ്ലണ്ടിനെതിരേ തിരുത്തിയത്. 27 പന്തില്‍ നിന്ന് 77 റണ്‍സ് നേടിയ ഗെയ്ല്‍ ഒന്‍പത് സിക്‌സാണ് നേടിയത്. ഇംഗ്ലണ്ടിനെതിരായ ഈ പരമ്പരയില്‍ ഗെയ്‌ലിന്റെ സിക്‌സ് സമ്പാദ്യം 39 ആയി.

2015ലെ ലോകകപ്പില്‍ നേടിയ 26 സിക്‌സ് എന്ന തന്റെ തന്നെ പേരിലുള്ള റെക്കോഡാണ് ഗെയ്ല്‍ തിരുത്തിയത്. 2013ല്‍ ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ 23 സിക്‌സ് നേടിയ രോഹിത് ശര്‍മയാണ് തൊട്ടു പിറകിലുള്ളത്.