ബി.ജെ.പിക്ക് കനത്ത തിരിച്ചടി: ഉത്തര്‍പ്രദേശില്‍ നിന്നുള്ള എം.പിയും മുന്‍ എം.പിയും കോണ്‍ഗ്രസില്‍ ചേര്‍ന്നു

single-img
3 March 2019


ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ നിന്നുള്ള ബി.ജെ.പി എം.പി സാവിത്രി ഭായ് ഫൂലെ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ശനിയാഴ്ചയാണ് ഇവര്‍ കോണ്‍ഗ്രസിലെത്തിയത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ചേര്‍ന്ന് ഫൂലെയെ സ്വീകരിച്ചു.

കഴിഞ്ഞ ഒരു വര്‍ഷമായി ബി.ജെ.പിയുമായി തര്‍ക്കത്തിലാണ് ഫുലെ. ഉത്തര്‍പ്രദേശിലെ ബഹ്‌റായിച്ചില്‍ നിന്നുള്ള ബി.ജെ.പി എം.പിയായിരുന്നു ഫൂലെ. ഇവര്‍ക്കൊപ്പം സമാജ് വാദി പാര്‍ട്ടി നേതാവും മുന്‍ എം.പിയുമായ രാകേഷ് സച്ചനും കോണ്‍ഗ്രസില്‍ ചേര്‍ന്നു.

യു.പിയിലെ പ്രമുഖ പട്ടികജാതി നേതാവായിരുന്ന ഫൂലെ കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ബി.ജെ.പിയില്‍ നിന്ന് രാജിവെച്ചത്. പാര്‍ട്ടിയില്‍ നിന്ന് പുറത്ത് വന്നെങ്കിലും അവര്‍ എം.പി സ്ഥാനം രാജിവെച്ചിരുന്നില്ല.