കോള്‍ട്ടര്‍ നില്ലിനെ അതിര്‍ത്തി കടത്തി ധോണി പുതിയ റെക്കോഡിട്ടു

single-img
3 March 2019

ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സിക്സ് നേടിയ ഇന്ത്യന്‍ താരമെന്ന റെക്കോഡ് ഇനി ധോണിയുടെ പേരില്‍. ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യന്‍ ഇന്നിങ്സിന്റെ 38-ാം ഓവറില്‍ ഓസീസ് പേസര്‍ കോള്‍ട്ടര്‍ നില്ലിനെ അതിര്‍ത്തി കടത്തി ധോണി 216-ാം സിക്സിലെത്തി.

മത്സരം തുടങ്ങും മുമ്പ് 215 സിക്സുമായി രോഹിത് ശര്‍മ്മയോടൊപ്പം ഒന്നാം സ്ഥാനം പങ്കിടുകയായിരുന്നു ധോണി. എന്നാല്‍ ഓസീസിനെതിരേ ഹൈദരാബാദില്‍ സിക്സ് അടിച്ച് ധോണി ഒറ്റക്ക് മുന്നിലെത്തി. ഇതോടെ രോഹിത് രണ്ടാമതായി. ഓസീസിനെതിരെ ഒരൊറ്റ സിക്സ് പോലും നേടാന്‍ കഴിയാതിരുന്നതും രോഹിതിന് തിരിച്ചടിയായി.

195 സിക്സ് അക്കൗണ്ടിലുള്ള സച്ചിന്‍ തെണ്ടുല്‍ക്കറാണ് മൂന്നാം സ്ഥാനത്ത്. 189 സിക്സുമായി സൗരവ് ഗാംഗുലി നാലാമതുണ്ട്. യുവരാജ് സിങ്ങ് (153), വീരേന്ദര്‍ സെവാഗ് (131) എന്നിവരാണ് അഞ്ചും ആറും സ്ഥാനങ്ങളില്‍. മത്സരത്തില്‍ ധോനി 72 പന്തില്‍ പുറത്താകാതെ 59 റണ്‍സടിച്ചു. ആറു ഫോറും ഒരു സിക്സും ധോനിയുടെ ബാറ്റില്‍ നിന്ന് പിറന്നു.

അതേസമയം ഏകദിനത്തില്‍ ഈ വര്‍ഷം ഓസ്‌ട്രേലിയയ്‌ക്കെതിരെ ധോണി മിന്നുന്ന ഫോം തുടരുന്നതിനും ഹൈദരാബാദ് രാജീവ് ഗാന്ധി സ്റ്റേഡിയം സാക്ഷ്യം വഹിച്ചു. ഓസ്‌ട്രേലിയയ്‌ക്കെതിരെ ഈ വര്‍ഷം കളിച്ച തുടര്‍ച്ചയായ നാലാം മല്‍സരത്തിലാണ് ധോണി അര്‍ധസെഞ്ചുറി നേടുന്നത്. ഓസ്‌ട്രേലിയയ്‌ക്കെതിരെ അവരുടെ നാട്ടില്‍ നടന്ന മൂന്ന് ഏകദിനങ്ങളിലും ധോണി തുടര്‍ച്ചയായി അര്‍ധസെഞ്ചുറി നേടിയിരുന്നു. അന്ന് പരമ്പരയിലെ താരമായതും ധോണി തന്നെ. ആ പ്രകടനത്തിന്റെ തുടര്‍ച്ചയാണ് നാട്ടിലെത്തിയപ്പോഴും ധോണി പ്രകടമാക്കുന്നത്. ഈ വര്‍ഷം ഓസീസിനെതിരെ കളിച്ച നാല് ഏകദിനങ്ങളില്‍ ധോണിയുടെ സ്‌കോറുകള്‍ ഇങ്ങനെ:

51(96) 55(54)* 87(114)* 59(72)*