അഭിനന്ദൻ വർത്തമാന് ഇന്ന് ഡീബ്രീഫിങ്

single-img
3 March 2019

പാകിസ്ഥാൻ കസ്റ്റഡിയിൽ നിന്നും ഇന്ത്യയിൽ തിരിച്ചെത്തിയ വിങ് കമാൻഡർ അഭിനന്ദൻ വർത്തമാന്റെ ഡീബ്രീഫിങ് ഇന്നും തുടരും. പാകിസ്ഥാൻ കസ്റ്റഡിയിൽ നേരിട്ട അനുഭവം, അവരോട് വെളിപ്പെടുത്തിയ കാര്യങ്ങൾ തുടങ്ങിയവ വിശദമായി ചോദിച്ചറിയുന്ന നടപടിയാണ് ഡീബ്രീഫിങ്.

വ്യോമസേന ഇന്റലിജൻസ്, ഇന്റിലിജൻസ് ബ്യൂറോ, റിസർച്ച് ആൻഡ് അനാലിസിസ് വിങ് (റോ), വിദേശകാര്യ മന്ത്രാലയം എന്നിവയിലെ ഉദ്യോഗസ്ഥരാകും അഭിനന്ദനെ രഹസ്യകേന്ദ്രത്തിൽ ചോദ്യം ചെയ്യുക.  പാകിസ്ഥാൻ അധികൃതരോട് അഭിനന്ദന് എന്തെല്ലാം വെളിപ്പെടുത്തേണ്ടിവന്നു എന്നത് അറിയുകയാണ് പ്രധാന ഉദ്ദേശ്യം.

വിമാനം തകർന്നത് എങ്ങനെ?, പാക്ക് വിമാനത്തെ വീഴ്ത്തിയത് എങ്ങനെ?, പാക് ചാര സംഘടനയായ ഐഎസ്ഐ ചോദ്യം ചെയ്തോ?, പാക്ക് കസ്റ്റഡിയിൽ മർദിക്കപ്പെട്ടോ? തുടങ്ങിയ കാര്യങ്ങൾ വൈമാനികനോട് ആരായും. ചോദ്യം ചെയ്യലിന് മനഃശാസ്ത്രജ്ഞന്റെ സഹായവുമുണ്ടാകും. അഭിനന്ദന്റെ മനഃസാന്നിധ്യവും പരിശോധിക്കും.

ഇന്നലെ വിശദമായ വൈദ്യപരിശോധനയും സ്കാനിം​​​ഗ്, ഫിറ്റ്നസ് ടെസ്റ്റുകളും നടത്തിയിരുന്നു. അഭിനന്ദന്റെ ആരോഗ്യ നില മെച്ചപ്പെട്ടതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പാകിസ്ഥാനിൽ തനിക്ക് ശാരീരിക പീഡനം ഉണ്ടായില്ലെന്നും മാനസിക പീഡനമുണ്ടായെന്നും  അഭിനന്ദൻ വ്യക്തമാക്കിയതായാണ് സൂചന.

പാകിസ്ഥാന്റെ കസ്റ്റഡിയിൽ വെച്ച് ഇന്ത്യൻ രഹസ്യങ്ങൾ ചോർത്താനായി എന്തെങ്കിലും നൂതന ഉപകരണങ്ങൾ അഭിനന്ദന്റെ ശരീരത്തിൽ ഘടിപ്പിച്ചിട്ടുണ്ടോ എന്നറിയാനാണ് വിശദമായ സ്കാനിം​ഗ് അടക്കമുള്ള വിശദമായ പരിശോധനയ്ക്ക് വിധേയനാക്കിയത്.