മോദി ഭീഷണിപ്പെടുത്തിയതോടെയാണ് അഭിനന്ദന്‍ വര്‍ധമാനെ പാക്കിസ്ഥാന്‍ വിട്ടയച്ചത്: ബി.എസ്. യെദ്യൂരപ്പ

single-img
2 March 2019

വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ വിട്ടയയ്ക്കാന്‍ പാക്കിസ്ഥാന്‍ തയാറായത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭീഷണിയെ തുടര്‍ന്നെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി.എസ്. യെദ്യൂരപ്പ. ‘അഭിനന്ദനെ മോചിപ്പിച്ചില്ലെങ്കില്‍ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് പ്രധാനമന്ത്രി പാക്കിസ്ഥാന് മുന്നറിയിപ്പു നല്‍കിയതുകാരണമാണ് പൈലറ്റിനെ മോചിപ്പിച്ചത്. അതോടെ അവര്‍ മോചിപ്പിക്കാന്‍ തയ്യാറാവുകയായിരുന്നു.’ പാര്‍ട്ടി പ്രവര്‍ത്തകരുടെ യോഗത്തില്‍ യെദ്യൂരപ്പ പറഞ്ഞു.

‘മോദിയുടെ തന്ത്രങ്ങള്‍ പാക്കിസ്ഥാനെ തുറന്നുകാട്ടിയിരിക്കുകയാണ്. ഇന്ന് ലോകത്തിനു മുമ്പില്‍ പാക്കിസ്ഥാന്‍ ഒറ്റപ്പെട്ടിരിക്കുകയാണ്. ചൈനപോലും പാക്കിസ്ഥാനെ പിന്തുണയ്ക്കുന്നില്ല. ഇതൊക്കെയാണ് അവരെ ഒതുക്കിയത്. 40 വര്‍ഷത്തിനിടെ ആദ്യമായാണ് ഇന്ത്യന്‍ സൈന്യം അതിര്‍ത്തി കടന്ന് പാക്കിസ്ഥാനിലെത്തിയത്.

സൈന്യത്തിന് അവരുടെ ധൈര്യവും ധീരതയും കാണിക്കാനുള്ള സമ്പൂര്‍ണ സ്വാതന്ത്ര്യം കൊടുത്തതിന്റെ ഫലമാണ് അത്’ – അദ്ദേഹം പറഞ്ഞു. നരേന്ദ്ര മോദിയെ വീണ്ടും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കണമെന്നും അദ്ദേഹം പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു.

പാക്കിസ്ഥാനെതിരായ വ്യോമാക്രമണങ്ങള്‍ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അനുകൂല സാഹചര്യം സൃഷ്ടിച്ചെന്നും ഇത് കര്‍ണാടകയിലും പ്രതിഫലിക്കുമെന്നും യെദ്യൂരപ്പ നേരത്തെ പറഞ്ഞിരുന്നു. കര്‍ണാടകയില്‍ ബിജെപി 22 സീറ്റ് നേടുമെന്നും യെദ്യൂരപ്പ കൂട്ടിച്ചേര്‍ത്തു.