അഭിനന്ദന്റെ തിരിച്ചുവരവിന്റെ ക്രെഡിറ്റ് ഒരു ആര്‍എസ്എസ് സ്വയംസേവകന്റെ ശൂരത്വത്തിനാണ് നല്‍കേണ്ടത്; കേന്ദ്രമന്ത്രി സ്മൃതി ഇറാനി

single-img
2 March 2019

വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമന്റെ തിരിച്ചുവരവിന്റെ ക്രെഡിറ്റ് പ്രധാനമന്ത്രിക്ക് നല്‍കി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പേരെടുത്ത് പറയാതെയായിരുന്നു കേന്ദ്രമന്ത്രിയുടെ പരാമര്‍ശം. ‘ഇന്ത്യയുടെ പുത്രന്‍ ഇന്ത്യയിലേക്ക് തിരിച്ചെത്തിയതില്‍ സംഘത്തിന് അഭിമാനിക്കാം. 48 മണിക്കൂറിനുള്ളില്‍ അതിന് കഴിഞ്ഞത് ഒരു ആര്‍എസ്എസ് സ്വയംസേവകന്റെ പരാക്രം(ശൂരത്വം) കൊണ്ടാണ്.

ബിജെപി നേതാവ് സുധാന്‍ശു മിത്തലിന്റെ ആര്‍എസ്എസ്: ബില്‍ഡിങ് ഇന്ത്യ ത്രൂ സേവ എന്ന പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുമ്പോഴാണ് സ്മൃതി ഇറാനി ഈ അഭിപ്രായപ്രകടനം നടത്തിയതെന്ന് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് പാക്കിസ്ഥാനെ പ്രധാനമന്ത്രി നരേന്ദ്രമോദി ഭീഷണിപ്പെടുത്തിയതോടെയാണ് വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമനെ പാക്കിസ്ഥാന്‍ മോചിപ്പിച്ചതെന്ന് കര്‍ണാടക ബി.ജെ.പി അധ്യക്ഷന്‍ ബി.എസ് യെദ്യൂരപ്പ പറഞ്ഞു.

‘അഭിനന്ദനെ മോചിപ്പിച്ചില്ലെങ്കില്‍ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് പ്രധാനമന്ത്രി പാക്കിസ്ഥാന് മുന്നറിയിപ്പു നല്‍കിയതുകാരണമാണ് പൈലറ്റിനെ മോചിപ്പിച്ചത്. അതോടെ അവര്‍ മോചിപ്പിക്കാന്‍ തയ്യാറാവുകയായിരുന്നു.’ പാര്‍ട്ടി പ്രവര്‍ത്തകരുടെ യോഗത്തില്‍ യെദ്യൂരപ്പ പറഞ്ഞു. ഏഴ് ലോക്‌സഭാ മണ്ഡലങ്ങളില്‍ നിന്നുള്ള ബി.ജെ.പി പ്രവര്‍ത്തകരെ തെരഞ്ഞെടുപ്പിനു സജ്ജരാക്കുന്നതിന്റെ ഭാഗമായായിരുന്നു യോഗം നടന്നത്.

‘ഇന്ന് നമ്മുടെ പൈലറ്റ് അഭിനന്ദന്‍ ഇന്ത്യയിലേക്ക് തിരിച്ചുവന്നു. അദ്ദേഹത്തിന്റെ ധീരതയെ അഭിനന്ദിക്കേണ്ടതുണ്ട്. പാരച്യൂട്ട് പാക്കിസ്ഥാനില്‍ ഇറങ്ങിയശേഷം അദ്ദേഹം അദ്ദേഹത്തിന്റെ പക്കലുണ്ടായിരുന്ന രേഖകള്‍ വിഴുങ്ങി. പാക്കിസ്ഥാന്‍ പട്ടാളക്കാരുടെ കയ്യില്‍ കിട്ടാതിരിക്കാന്‍ വേണ്ടിയായിരുന്നു അദ്ദേഹം അത് ചെയ്തത്. ഇത് ദേശസ്‌നേഹിയായ ഇന്ത്യക്കാരന്റെ, പൈലറ്റിന്റെ ലക്ഷണമാണ്. ഒരു ദേശസ്‌നേഹി എങ്ങനെയാണ് ലോകത്തോട് പെരുമാറേണ്ടതെന്ന് അദ്ദേഹം കാണിച്ചു തന്നിരിക്കുകയാണ്.’ യെദ്യൂരപ്പ പറയുന്നു.