തൃശൂരില്‍ 6 പരിപാടികളിലും പങ്കെടുക്കാതെ മുഖ്യമന്ത്രി; തൊണ്ടവേദനയെന്ന് വിശദീകരണം

single-img
2 March 2019

തൃശൂര്‍ ജില്ലയില്‍ നേരത്തെ നിശ്ചയിച്ച പരിപാടികളില്‍ പോലും പങ്കെടുക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. തൊണ്ടവേദന കാരണമാണ് പരിപാടികള്‍ ഒഴിവാക്കിയതെന്നാണ് ഔദ്യോഗിക വിശദീകരണം. ഡോക്ടര്‍മാര്‍ സംസാര നിയന്ത്രണം നിര്‍ദേശിച്ചിട്ടുണ്ടെന്നാണ് വിവരം. ഉദ്ഘാടനങ്ങള്‍ ഉള്‍പ്പെടെ ജില്ലയില്‍ 6 പരിപാടികളാണ് നിശ്ചയിച്ചിരുന്നത്.

പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിന്റെ രണ്ടാംഘട്ട പ്രവര്‍ത്തനോദ്ഘാടനം, കേരള വനം ഗവേഷണ കേന്ദ്രത്തിലെ പുതിയ വനിതാ ഹോസ്റ്റല്‍, തെക്കുംകര പഞ്ചായത്ത് ഓഫിസ് കെട്ടിടം ഉദ്ഘാടനം തുടങ്ങിയവയാണ് മുഖ്യമന്ത്രിക്ക് ജില്ലയില്‍ ഉണ്ടായിരുന്ന പരിപാടികള്‍. തുടര്‍ന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന വിവിധ പരിപാടികള്‍ മന്ത്രിമാര്‍ ഉദ്ഘാടനം ചെയ്തു.

അതേസമയം, ഇടതുമുന്നണിയുടെ കേരള സംരക്ഷണയാത്രയുടെ സമാപനയോഗത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കും. തേക്കിന്‍കാട് മൈതാനത്ത് വൈകിട്ട് 5–നാണ് സമാപനയോഗം.

തൊണ്ട വേദന കാരണം കഴിഞ്ഞ മാസം 27ന് കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ പല പരിപാടികളും മുഖ്യമന്ത്രി ഒഴിവാക്കിയിരുന്നു. ചിലയിടത്ത് പ്രസംഗിച്ചുമില്ല.