ഇന്ത്യ പുറത്തുവിട്ട തെളിവുകളുമായി അമേരിക്ക; പാക്കിസ്ഥാന്‍ ഊരാക്കുടുക്കില്‍

single-img
2 March 2019

അമേരിക്കന്‍ നിര്‍മിത എഫ്.16 വിമാനം ഇന്ത്യക്കെതിരേ ദുരുപയോഗം ചെയ്തതിന് അമേരിക്ക പാക്കിസ്ഥാനില്‍ നിന്ന് വിശദീകരണം തേടി. പാക്കിസ്ഥാനുമായുള്ള കരാര്‍ പ്രകാരം എഫ്.16 വിമാനം ഇന്ത്യക്കെതിരെ ഉപയോഗിച്ചത് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അമേരിക്ക പാക്കിസ്ഥാനില്‍ നിന്ന് കൂടുതല്‍ വിശദീകരണം ആവശ്യപ്പെട്ടത്.

എഫ്.16 വിമാനം ഉപയോഗിച്ചാണ് പാക്കിസ്ഥാന്‍ അതിര്‍ത്തി മറികടക്കാന്‍ ശ്രമിച്ചതെന്ന് ഇന്ത്യന്‍ വ്യോമസേന കഴിഞ്ഞദിവസം തന്നെ വെളിപ്പെടുത്തിയിരുന്നു. ഇതിനുതെളിവായി ആംറാം മിസൈലിന്റെ ഭാഗങ്ങളും വ്യോമസേന പുറത്തുവിട്ടിരുന്നു. എഫ്.16 വിമാനങ്ങളില്‍നിന്ന് മാത്രം തൊടുക്കാവുന്ന മിസൈലാണ് ആംറാം.

എന്നാല്‍ ഇന്ത്യക്കെതിരേ എഫ്. 16 വിമാനം ഉപയോഗിച്ചിട്ടില്ലെന്നും ഇന്ത്യയുടെ ആരോപണം തെറ്റാണെന്നുമായിരുന്നു പാക്കിസ്ഥാന്റെ വാദം. പക്ഷേ, തെളിവുസഹിതം ഇന്ത്യന്‍ വ്യോമസേന രംഗത്തെത്തിയതോടെ പാക്കിസ്ഥാന്‍ പ്രതിരോധത്തിലാവുകയും അമേരിക്ക വിഷയത്തില്‍ ഇടപെടുകയുമായിരുന്നു.

റഷ്യന്‍ നിര്‍മിത വിമാനമായ മിഗ് 21 ബൈസന്‍ ഉപയോഗിച്ചാണ് ഇന്ത്യ എഫ് 16 തകര്‍ത്തത്. യുദ്ധവിമാന ചരിത്രത്തില്‍ തന്നെ സ്ഥാനം പിടിച്ച സംഭവമാണ് ഇത്. യുഎസ് നിര്‍മിച്ച അത്യാധുനിക നാലാം തലമുറ യുദ്ധവിമാനമായ എഫ് 16നെ റഷ്യന്‍ നിര്‍മിത വിമാനമായ മിഗ് 21 ബൈസന്‍ തകര്‍ത്തുവെന്നതു പ്രതിരോധ ഉല്‍പന്നങ്ങളുടെ വ്യാപാരത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന യുഎസിനു വലിയ ക്ഷീണമാണ് സൃഷ്ടിക്കുന്നത്. ഇതാണ് അടിയന്തരമായി പാക്കിസ്ഥാനോടു വിശദീകരണം തേടാന്‍ അമേരിക്കയെ പ്രേരിപ്പിച്ചത്.

1980ലാണ് യുഎസില്‍നിന്ന് പാക്കിസ്ഥാന് എഫ്16 യുദ്ധവിമാനങ്ങള്‍ ലഭിക്കുന്നത്. ആഗോളഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ സ്വയം പ്രതിരോധത്തിനു വേണ്ടിയാണ് അമേരിക്ക പാക്കിസ്ഥാന് എഫ്16 നല്‍കിയത്. മറ്റൊരു രാജ്യത്തിനെതിരേ ഈ വിമാനം ഉപയോഗിക്കുന്നതിന് അമേരിക്കന്‍ നിയമപ്രകാരം വിലക്കും നിലവിലുണ്ട്. പന്ത്രണ്ടോളം നിയന്ത്രണങ്ങളാണ് എഫ്16 കരാറില്‍ അമേരിക്ക ഏര്‍പ്പെടുത്തിയിരുന്നത്.