കോൺഗ്രസിൻ്റെ സംസ്കാരം ഇതല്ല;എകെജിയെ പറ്റിയുള്ള പരാമർശം തനിക്കു വേദനയുണ്ടാക്കി: വിടി ബൽറാമിന് മുല്ലപ്പള്ളി രാമചന്ദ്രൻ്റെ വിമർശനം

single-img
2 March 2019

വി ടി ബൽറാം എംഎൽഎക്കെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കെ ആർ മീരയെ അധിക്ഷേപിച്ച നടപടി ശരിയല്ല. അധിക്ഷേപസ്വരത്തിൽ പൊതുപ്രവർത്തകർ സംസാരിക്കുന്നത് നല്ല ലക്ഷണമല്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

സോഷ്യല്‍ മീഡിയയിൽ നിയന്ത്രണം പാലിക്കാൻ ബൽറാം തയാറാകണമെന്ന് അദ്ദേഹം പറഞ്ഞു. ബൽറാമിനോട് ഇക്കാര്യം പരസ്യമായി പറഞ്ഞിട്ടുണ്ട്. `ന്യൂസ് 18 കേരള´ത്തിലെ വരികൾക്കിടയിൽ എന്ന പരിപാടിയിലായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം.

സോഷ്യൽമീഡിയക്ക് കോഡ് ഓഫ് കോണ്ടക്ട് വേണമെന്നാണ് തന്റെ നിലപാട്. കെ ആർ മീര കൊലപാതക രാഷ്ട്രീയത്തെ ശക്തമായി അപലപിച്ചയാളാണ്. ബൽറാമിന്റെ എകെജി വിരുദ്ധ പരാമർശം തനിക്ക് വേദനയുണ്ടാക്കിയെന്നും വ്യക്തമാക്കി. കോൺഗ്രസ് അനുഭാവികളുള്ള ഗ്രൂപ്പുകൾ പോലും ആരോഗ്യപരമായ വിമർശനമല്ല നടത്തുന്നത്.

സോഷ്യൽമീഡിയയിൽ പ്രതികരണം നടത്തുന്നവരെ നാട്ടിൽ രാഷ്ട്രീയപ്രവർത്തനത്തിന് കിട്ടുന്നില്ലെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.