ഐ.പിഎല്ലില്‍ വെടിക്കെട്ട് പ്രകടനം നടത്തിയെന്നു പറഞ്ഞ് ലോകകപ്പ് ടീമില്‍ എടുക്കില്ല; തുറന്നടിച്ച് കോഹ്ലി

single-img
2 March 2019

ഐപിഎല്ലിലെ പ്രകടനത്തിന് ഇന്ത്യയുടെ ലോകകപ്പ് ടീം തിരഞ്ഞെടുപ്പില്‍ യാതൊരു സ്വാധീനവുമുണ്ടാകില്ലെന്ന് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന എല്ലാ അഭ്യൂഹങ്ങളും കോഹ്‌ലി തള്ളിക്കളഞ്ഞു. ഇന്ത്യ–ഓസ്‌ട്രേലിയ ഏകദിന പരമ്പരയ്ക്കു മുന്നോടിയായി മാധ്യമങ്ങളെ കാണുമ്പോഴാണ് കോഹ്‌ലി നിലപാട് വ്യക്തമാക്കിയത്.

ലോകകപ്പിനുള്ള 15 അംഗ ടീമില്‍ 12-13 സ്ഥാനങ്ങള്‍ ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞെങ്കിലും മധ്യനിരയില്‍ ചില സ്ഥാനങ്ങള്‍ ഇനിയും ഉറപ്പിച്ചിട്ടില്ല. ഈ സ്ഥാനങ്ങള്‍ക്കായി മല്‍സരിക്കുന്ന ദിനേഷ് കാര്‍ത്തിക്, ഋഷഭ് പന്ത്, വിജയ് ശങ്കര്‍ തുടങ്ങിയ താരങ്ങളുടെ ഐപിഎല്ലിലെ പ്രകടനമാകും ടീം തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാകുകയെന്ന് അഭ്യൂഹം പ്രചരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു കോഹ്‌ലിയുടെ മറുപടി.

‘ഒന്നോ രണ്ടോ താരങ്ങള്‍ക്ക് ഐപിഎല്ലില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാനായില്ലെങ്കില്‍ അവര്‍ ലോകകപ്പ് ടീമിലുണ്ടാകില്ല എന്നൊന്നും അര്‍ഥമില്ല. ഐപിഎല്ലിലെ പ്രകടനം നമ്മുടെ തീരുമാനങ്ങളെ സ്വാധീനിക്കാനോ ബാധിക്കുവാനോ പോകുന്നില്ല’ – കോഹ്‌ലി വ്യക്തമാക്കി.

ലോകകപ്പിന് മുമ്പ് ഇന്ത്യക്ക് ഏകദിന മത്സരങ്ങളില്ല. ഓസ്‌ട്രേലിയക്കെതിരെ ഇപ്പോള്‍ നടക്കുന്ന പരമ്പര മാത്രമാണുള്ളത്. ചുരിക്കിപ്പറഞ്ഞാല്‍ ആസ്‌ട്രേലിയക്കെതിരായ ഈ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ കഴിവ് തെളിയിക്കുന്നവര്‍ തന്നെയാവും ലോകകപ്പിലേക്കും പരിഗണിക്കുക.