മാർച്ച് 9-ന് ഹർത്താൽ നടത്താൻ അനുമതി തേടി യുഡിഎഫ്

single-img
2 March 2019

മാർച്ച് 9-ന് ഹർത്താലിന് അനുമതി തേടി യുഡിഎഫ്. ഇടുക്കി ജില്ലയിലെ കര്‍ഷക ആത്മഹത്യകള്‍ പെരുകിയിട്ടും സര്‍ക്കാര്‍ അവഗണിക്കുന്നതില്‍ പ്രതിഷേധിച്ചാണ് ഹർത്താൽ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. 9ന് ഇടുക്കി ജില്ലയില്‍ ഹര്‍ത്താല്‍ നടത്താനാണ് യുഡിഎഫ് ആലോചന.

രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെ ഹര്‍ത്താല്‍ നടത്താനാണ് നീക്കം. ഇത് സംബന്ധിച്ച് നാളെ കട്ടപ്പനയില്‍ നടക്കുന്ന നേതൃയോഗത്തില്‍ അന്തിമ തീരുമാനമെടുക്കും. ഹര്‍ത്താലിന് അനുമതി നല്‍കണമെന്ന അഭ്യര്‍ത്ഥിച്ച് ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍ ഫെബ്രുവരി 27ന് ജില്ലാ കളക്ടര്‍ക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്.

മാർച്ച് 6ന് കട്ടപ്പനയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉപവസിക്കാനും  നീക്കമുണ്ട്. പരീക്ഷാ കാലയളവില്‍ ഹര്‍ത്താല്‍ നടത്തുന്നത് ഉചിതമല്ലെന്ന അഭിപ്രായവും പാര്‍ട്ടിയിലെ ഒരു വിഭാഗം മുന്നോട്ട് വെച്ചിട്ടുണ്ട്‌.