വ്യോമാക്രമണത്തില്‍ നാശനഷ്ടമുണ്ടായെന്ന് ജെയ്‌ഷെ; മസൂദ് അസറിന്റെ സഹോദരന്റെ ശബ്ദസന്ദേശം പുറത്ത്: 35 മൃതദേഹങ്ങൾ മാറ്റിയെന്ന് ദൃക്‌സാക്ഷികൾ

single-img
2 March 2019

ബാലാക്കോട്ട് ഭീകരകേന്ദ്രത്തിനു നേരെ ഇന്ത്യ നടത്തിയ വ്യോമാക്രമണം ജയ്‌ഷെ മുഹമ്മദ് സ്ഥിരീകരിച്ചെന്നു റിപ്പോര്‍ട്ട്. പരിശീലന കേന്ദ്രത്തിൽ ഇന്ത്യ ബോംബിട്ടതായി ജയ്ഷെ തലവൻ മസൂദ് അസ്ഹറിന്റെ സഹോദരൻ മൗലാനാ അമർ പറയുന്നതിന്റെ ശബ്ദരേഖ പുറത്തുവന്നു. ഒരു ദേശീയ മാധ്യമമാണ് മൗലാനാ അമറിന്റെ ശബ്ദരേഖ പുറത്തുവിട്ടത്.

നേരത്തെ പാകിസ്താൻ ഇക്കാര്യം നിഷേധിച്ചിരുന്നെങ്കിലും ഇപ്പോൾ ജെയ്ഷേ മുഹമ്മദ് തന്നെ ഇക്കാര്യം അംഗീകരിക്കുകയാണ്. ജെയ്ഷെയുടെ ബലാക്കോട്ടിലെ പരിശീലന കേന്ദ്രത്തിൽ ഇന്ത്യ വ്യോമാക്രണം നടത്തി എന്ന് തന്നെയാണ് ശബ്ദ സന്ദേശത്തിൽ പറയുന്നത്. അതേസമയം ജെയ്ഷെയുടെ ആസ്ഥാനത്ത് ആക്രമണം നടന്നിട്ടില്ലെന്നും മൗലാനാ അമർ പറയുന്നു.

കഴിഞ്ഞ വ്യാഴാഴ്ച പെഷവാറിലെ ഒരു പരിപാടിയിൽ മൗലാനാ അമർ സംസാരിക്കുന്ന 14 മിനിട്ട് ദൈർഘ്യമുള്ള ശബ്ദ സന്ദേശമാണ് ഇപ്പോൾ പുറത്ത് വന്നിട്ടുള്ളത്. മൗലാനാ അമർ ആണ് ജമ്മു കശ്മീരിലെയും അഫ്ഗാനിലെയും ജെയ്ഷെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ഇതോടെ ബലാക്കോട്ട് വ്യോമാക്രമണത്തിന് പാക് ആസ്ഥനമായ ഭീകര സംഘടനയുടെ ഏറ്റവും ഉന്നത നേതാക്കളിൽ ഒരാൾ തന്നെ സ്ഥിരീകരണം നൽകിയിരിക്കുകയാണ്.

ജയ്ഷെ മുഹമ്മദിന്റെ താവളത്തിൽ ബോംബാക്രമണം നടന്നതായി തദ്ദേശവാസികളും സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണം നടന്നു മണിക്കൂറുകൾക്കു ശേഷം 35 ഓളം മൃതദേഹങ്ങൾ പ്രദേശത്തുനിന്ന് ആംബുലൻസിൽ പുറത്തേക്കു കൊണ്ടുപോയതായാണു ദൃക്‌സാക്ഷികൾ പറയുന്നത്. താൽക്കാലികമായുണ്ടാക്കിയ കുടിലിൽ 12 പേരാണ് വിശ്രമിച്ചിരുന്നത്. ഇവരിൽ പലരും മുൻപ് പാക്ക് സൈന്യത്തിൽ പ്രവർത്തിച്ചവരായിരുന്നു.

പ്രാദേശിക ഭരണകൂടത്തിനു വേണ്ടി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥനാണു രഹസ്യ വിവരങ്ങൾ പുറത്തുവിട്ടത്. ബോംബാക്രമണം  നടന്നു മണിക്കൂറുകൾക്കകം തന്നെ അധികൃതർ സ്ഥലത്തെത്തി. പക്ഷേ പ്രദേശം അപ്പോഴേക്കും സൈന്യം വളഞ്ഞിരുന്നു. പൊലീസ് ഉദ്യോഗസ്ഥരെ പോലും അവർ അകത്തേക്കു കടത്തിവിട്ടില്ല. ആംബുലന്‍സുകളിലുണ്ടായിരുന്ന മെഡിക്കൽ ഉദ്യോഗസ്ഥരുടെ മൊബൈൽ ഫോൺ പോലും സൈന്യം പിടിച്ചുവച്ചതായും ഇയാൾ വെളിപ്പെടുത്തി.