പുല്‍വാമ ഭീകരാക്രമണത്തില്‍ പങ്കില്ല: ജെയ്‌ഷെ മുഹമ്മദിനെ ന്യായീകരിച്ച് പാക്കിസ്ഥാന്‍

single-img
2 March 2019

ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിനെ ന്യായീകരിച്ച് പാക്കിസ്ഥാന്‍ രംഗത്ത്. പുല്‍വാമ ഭീകരാക്രമണത്തില്‍ ജെയ്‌ഷെയ്ക്ക് പങ്കില്ലെന്ന് പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷി വ്യക്തമാക്കി. ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പാക് മന്ത്രി സ്വന്തം രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനയെ വെള്ളപൂശി രംഗത്തുവന്നത്.

പുല്‍വാമ ആക്രമണത്തിന്റെ ഉത്തരവാദിത്തം ജെയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തിട്ടില്ല. അവര്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പാക്കിസ്ഥാന് ഉറപ്പില്ലെന്നും ഖുറേഷി പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ജെയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തതാണല്ലോ എന്ന് അഭിമുഖം നടത്തിയ മാധ്യമ പ്രവര്‍ത്തകന്‍ ചോദിച്ചപ്പോള്‍ ഇത് സംബന്ധിച്ച് വൈരുദ്ധ്യമുള്ള റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ജെയ്‌ഷെ നേതൃത്വവുമായി ബന്ധപ്പെട്ടിരുന്നു. അവര്‍ പുല്‍വാമ ആക്രമണത്തിന്റെ ഉത്തരവാദിത്തം നിഷേധിച്ചിട്ടുണ്ടെന്നും ഖുറേഷി മറുപടി നല്‍കി.

ജെയ്‌ഷെ നേതൃത്വവുമായി ആരാണ് ബന്ധപ്പെട്ടതെന്ന് ചോദിച്ചപ്പോള്‍ അവരെ അറിയുന്ന ആളുകളെന്നായിരുന്ന അദ്ദേഹത്തിന്റെ മറുപടി. ജെയ്‌ഷെ തലവനായ മസൂദ് അസ്ഹര്‍ സുഖമില്ലാത്തതിനെ തുടര്‍ന്ന് വീട്ടില്‍ നിന്ന് പുറത്തിറങ്ങാറില്ലെന്ന് കഴിഞ്ഞ ദിവസം ഷാ മെഹ്മൂദ് ഖുറേഷി പറഞ്ഞിരുന്നു.

മസൂദ് അസ്ഹര്‍ ഞങ്ങളുടെ മണ്ണിലുണ്ട്. കൃത്യമായ തെളിവുകള്‍ നല്‍കുകയാണെങ്കില്‍ മസൂദ് അസ്ഹറിനെതിരെ നടപടിയെടുക്കാനും അന്വേഷിക്കാനും തയ്യാറാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.