ആറുമാസമായി കേന്ദ്ര പ്രതിരോധവകുപ്പ് പണം നൽകുന്നില്ല; സ്വകാര്യാശുപത്രികൾ വിമുക്തഭടന്മാർക്കും കുടുംബാംഗങ്ങൾക്കും നൽകിയിരുന്ന സൗജന്യനിരക്കിലുള്ള ചികിത്സ നിർത്തലാക്കുന്നു

single-img
2 March 2019

പ്രതിരോധവകുപ്പ് പണം നല്കാത്തതിനാൽ സംസ്ഥാനത്തെ സ്വകാര്യാശുപത്രികൾ വിമുക്തഭടന്മാർക്കും കുടുംബാംഗങ്ങൾക്കും നൽകിയിരുന്ന സൗജന്യനിരക്കിലുള്ള ചികിത്സ നിർത്തലാക്കുന്നത് ആയി റിപ്പോർട്ടുകൾ.    പുതിയ തീരുമാനത്തിൻ്റെ ഭാഗമായി ചികിത്സ ഭാഗികമായി നിർത്തലാക്കിയിരിക്കുകയാണ്. അടിയന്തരസ്വഭാവമുള്ള ചികിത്സകൾ മാത്രം ഏറ്റെടുത്താൽ മതിയെന്നാണ് തീരുമാനം.

തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിക്ക് മാത്രം 16 കോടിയുടെ കുടിശ്ശികയുണ്ടെന്ന് ആശുപത്രി മാനേജിങ് ഡയറക്ടർ പറഞ്ഞു. റീജണൽ ഡയറക്ടർക്ക് പരാതി നല്കിയെങ്കിലും നടപടിയുണ്ടായിട്ടില്ല.

കേരളത്തിലെ രണ്ടുമേഖലകളിലായി 80 കോടിയിലധികം രൂപ നൽകാനുണ്ടെന്നാണ് ഇസിഎച്ച്എസ്. ചികിത്സാപട്ടികയിലുള്ള ആശുപത്രി അധികൃതർ പറയുന്നു. തിരുനൽവേലി മുതൽ ആലപ്പുഴ വരെയുള്ള ജില്ലകളാണ് തിരുവനന്തപുരം മേഖലയിൽ വരുന്നത്. അവശേഷിക്കുന്നവ കൊച്ചി മേഖലാ കേന്ദ്രത്തിനു കീഴിലാണ്.

ഓരോ ചികിത്സയ്ക്കും നിശ്ചിതതുകയാണ് പ്രതിരോധവകുപ്പ് നിശ്ചിയിച്ചിട്ടുള്ളത്. മെഡിക്കൽ ഉപകരണങ്ങൾക്കും കുറഞ്ഞനിരക്ക് നിശ്ചിയിച്ചിട്ടുണ്ട്. ആശുപത്രി ബില്ലുകൾ പ്രത്യേക ഏജൻസി പരിശോധിച്ചശേഷമാണ് പ്രതിരോധവകുപ്പ് പണം അനുവദിക്കുന്നത്.

വിമുക്തഭടന്മാർക്ക് ചികിത്സ നല്കിയവകയിൽ ശ്രീചിത്ര തിരുന്നാൾ ഇൻസ്റ്റിറ്റ്യൂട്ടിന് പ്രതിരോധ വകുപ്പ് 20 ലക്ഷത്തോളം രൂപ നൽകാനുണ്ട്. കുടിശ്ശിക കാരണം സൗജന്യനിരക്കിലുള്ള ചികിത്സ തത്കാലം നിർത്തിവയ്ക്കാൻ പ്രതിരോധവകുപ്പ് ആവശ്യപ്പെട്ടിരുന്നു.

ഇതോടെ സൈനിക ആശുപത്രികൾ മാത്രമായി രോഗികൾക്ക് ആശ്രയം. ഇവിടെ ലഭിക്കാത്ത ചികിത്സകൾക്കാണ് രോഗികൾ പുറത്തുള്ള സർക്കാർ-സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്നത്.