ഇമ്രാന്‍ ഖാന് സമാധാന നൊബേല്‍ നല്‍കണമെന്ന് ആവശ്യം

single-img
2 March 2019

പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നല്‍കണമെന്ന് ആവശ്യം. പാക് കസ്റ്റഡിയിലായ ഇന്ത്യന്‍ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ വിട്ടയക്കാനുള്ള തീരുമാനമെടുത്തത് പരിഗണിച്ച് പുരസ്‌കാരം നല്‍കണമെന്നാണ് ആവശ്യം.

പാക് മന്ത്രിയായ ഫവാദ് ചൗധരി ദേശീയ അസംബ്ലയില്‍ ഇതുമായി ബന്ധപ്പെട്ട പ്രമേയം അവതരിപ്പിച്ചു. പ്രമേയം ഏകകണ്ഠമായി അസംബ്ലി പാസാക്കുകയായിരുന്നു. ഇതിനിടെ പാക്കിസ്ഥാന്‍ പൗരന്മാര്‍ ഇക്കാര്യം ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരണവും തുടങ്ങി.

ഇമ്രാന്‍ ഖാന് നൊബേല്‍ സമ്മാനിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടു ലക്ഷം പേരുടെ ഒപ്പ് ശേഖരിച്ചാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരണം തുടങ്ങിയത്. #NobelPeacePrizeForImranKhan എന്ന പ്രചരണം ട്വിറ്ററിലും തകൃതിയായി നടക്കുന്നുണ്ട്. എന്നാല്‍ രാജ്യം നിരവധി സാമ്പത്തികവും ഭരണപരവുമായ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുമ്പോള്‍ ഇത്തരം പ്രചരണം അനാവശ്യമാണെന്ന് വാദിക്കുന്നവരും നവമാധ്യമങ്ങളിലുണ്ട്.

കഴിഞ്ഞ ദിവസമാണ് പാകിസ്താന്റെ കസ്റ്റഡിയിലായിരുന്നു വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ വിട്ടയച്ചത്. സമാധാനം മുന്‍ നിര്‍ത്തി കമാന്‍ഡറെ വിട്ടയക്കുന്നുവെന്നാണ് ഇമ്രാന്‍ അറിയിച്ചിരുന്നത്.