ചിക്കന്‍പോക്‌സ് പടരുന്നു: ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യവകുപ്പ്

single-img
2 March 2019

തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ചിക്കന്‍പോക്‌സ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജനങ്ങള്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ്. വായു വഴിയാണ് ചിക്കന്‍പോക്‌സ് വൈറസ് പകരുന്നത്.

അസൈക്ലോവീര്‍ എന്ന ആന്റിവൈറല്‍ മരുന്ന് രോഗാരംഭം മുതല്‍ ഉപയോഗിക്കുന്നത് രോഗം വേഗം ഭേദമാകാനും രോഗതീവ്രത കുറയ്ക്കാനും സഹായിക്കും. പനി, ശരീരവേദന, കഠിനമായ ക്ഷീണം, നടുവേദന എന്നിവയാണ് പ്രാരംഭലക്ഷണം. തുടര്‍ന്ന് ശരീരത്തില്‍ കുമിളകള്‍ പ്രത്യക്ഷപ്പെടുന്നു.

നാല് ദിവസം മുതല്‍ ഒരാഴ്ചക്കുള്ളില്‍ കുമിളകള്‍ താഴ്ന്നുതുടങ്ങും. ഗര്‍ഭിണികളില്‍ ആദ്യത്തെ മൂന്നുമാസത്തെ കാലയളവില്‍ രോഗം പിടിപെട്ടാല്‍ ഗര്‍ഭം അലസാനും ഗര്‍ഭസ്ഥ ശിശുവിന് വൈകല്യമുണ്ടാകാനും ഭാരക്കുറവുണ്ടാകാനും സാധ്യതയുണ്ട്. ഉപ്പുവെള്ളം കവിളില്‍ കൊള്ളുന്നത് വായിലുണ്ടാകുന്ന കുമിളകളുടെ ശമനത്തിന് സഹായിക്കും.

ശരീരം വൃത്തിയായി സൂക്ഷിക്കണം. നഖങ്ങള്‍ വെട്ടി, കൈകള്‍ ആന്റി ബാക്ടീരിയല്‍ സോപ്പുപയോഗിച്ച് ശുചിയാക്കണം. രോഗിക്ക് കുടിക്കാന്‍ ധാരാളം വെള്ളം നല്‍കണം. ഏത് ആഹാരവും കഴിക്കാം. വായു സഞ്ചാരമുള്ള മുറിയില്‍ വിശ്രമിക്കണം. ചിക്കന്‍ പോക്‌സിന് പ്രതിരോധ കുത്തിവെപ്പ് ലഭ്യമാണ്. ഫലപ്രദമായ ആന്റിവൈറല്‍ മരുന്ന് ഡോക്ടറുടെ നിര്‍ദേശാനുസരണം യഥാസമയം കഴിച്ചാല്‍ രോഗം ഭേദപ്പെടും.