കോഴിക്കോട്ടെ കറാച്ചി ദർബാർ ഹോട്ടൽ ഇന്നലെ മുതൽ ദർബാർ ഹോട്ടലായി; ഹോട്ടലിൻ്റെ പേരിലെ കറാച്ചി മറച്ച് ഉടമ

single-img
2 March 2019

കോഴിക്കോട് കറാച്ചി ദര്‍ബാര്‍ ഹോട്ടലിന്റെ ബോര്‍ഡിലെ `കറാച്ചി´ എന്ന പേർ കഴിഞ്ഞ ദിവസം ഉടമ ജംഷി ഉദയാസ് പ്ലാസ്റ്റിക് ഷീറ്റുപയോഗിച്ച് മറച്ചത്. പാകിസ്ഥാനുമായി അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ ഹൈദരാബാദിലും ബെംഗളൂരുവിലും കറാച്ചി ബേക്കറികള്‍ക്കുനേരെ കഴിഞ്ഞ ദിവസം ആക്രമണം നടന്നിരുന്നു.  ഈ സാഹചര്യത്തിലാണ് പേരുമറയ്ക്കാനുള്ള ഉടമയുടെ നീക്കം.

ഗള്‍ഫില്‍ ഏറെ പ്രസിദ്ധമായ റസ്റ്ററന്റ് ചെയിനാണ് കറാച്ചി ദര്‍ബാര്‍. ഫൊട്ടോഗ്രാഫറായ ജംഷി ദുബായിലെ കറാച്ചി ദര്‍ബാര്‍ ഹോട്ടലില്‍ ഭക്ഷണം കഴിച്ചപ്പോഴാണ് കേരളത്തിൽ ഒരു ഹോട്ടൽ എന്ന  ആശയം തോന്നിയത്. ദുബായിലെ കറാച്ചി ദര്‍ബാറില്‍ ഉപയോഗിക്കുന്ന ഗരം മസാലയും ഇറാനി മസാലയും മാത്രം ഉപയോഗിച്ച് ഭക്ഷണമൊരുക്കുന്നതിനാലാണ് കറാച്ചി ദര്‍ബാര്‍ എന്ന പേരു നല്‍കിയത്.

ജംഷി ഉദയാസും സഹോദരന്‍മാരും പൊറ്റമ്മല്‍ ജംക്ഷനിലും കടപ്പുറത്തും രണ്ടു കറാച്ചി ദര്‍ബാര്‍ റസ്റ്ററന്റുകള്‍ നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം പൊറ്റമ്മലിലെ റസ്റ്ററന്റില്‍ സ്ഥിരമായി ഭക്ഷണം കഴിക്കാനെത്തുന്ന ചിലരാണ് പേരിലെ ‘കറാച്ചി’ മാറ്റുന്നതിനെക്കുറിച്ച് നിര്‍ദേശിച്ചത്. അന്നതു കാര്യമാക്കിയില്ലെങ്കിലും മൂന്നു ദിവസം കഴിഞ്ഞ് വീണ്ടുമെത്തിയ ഇവര്‍ പേരു മാറ്റുന്നതിനെക്കുറിച്ച് ആവര്‍ത്തിച്ചതായും ജംഷി പറഞ്ഞു.

ഭീഷണിയൊന്നുമുണ്ടായില്ലെങ്കിലും നിലവിലെ സംഘര്‍ഷാവസ്ഥ പരിഗണിച്ച് പേരിലെ കറാച്ചി മറയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രി പ്ലാസ്റ്റിക് ഷീറ്റുകള്‍ ഉപയോഗിച്ച് ബോര്‍ഡിലെ ‘ക’ മറയ്ക്കുകയായിരുന്നു.

പ്രദേശത്തെ ചില വ്യക്തികളുടെ മാത്രം നിലപാടാണു പേരിനോടുള്ള എതിര്‍പ്പെന്ന് വിവിധ സംഘടനകളും വ്യക്തമാക്കിയതായും അദ്ദേഹം പറഞ്ഞു.