മീറ്റര്‍ ഇടാതെ ഓടുന്ന ഓട്ടോകളെ പിടികൂടാന്‍ കൊച്ചിയില്‍ ജില്ലാ കളക്ടര്‍ നേരിട്ടെത്തി

single-img
2 March 2019

മീറ്റര്‍ ഇടാതെ ഓടുന്ന ഓട്ടോകള്‍ക്ക് പിടിവീഴും. എറണാകുളം ജില്ലാ കളക്ടറാണ് അമിത ചാര്‍ജ് ഈടാക്കുന്ന ഓട്ടോഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കളക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ളയുടെ മിന്നല്‍ പരിശോധനക്കിടെ കൊച്ചിയില്‍ ഇത്തരം നിരവധി ഓട്ടോ ഡ്രൈവര്‍മാരാണ് കുടുങ്ങിയത്.

മട്ടാഞ്ചേരി, ഫോര്‍ട്ടുകൊച്ചി, തോപ്പുംപടി, പള്ളുരുത്തി പ്രദേശങ്ങളിലെ ഓട്ടോക്കാര്‍ അമിത ചാര്‍ജ് ഈടാക്കുന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്നായിരുന്നു മിന്നല്‍ പരിശോധനയെന്നാണ് റിപ്പോര്‍ട്ടുകള്‍. വെസ്റ്റ് കൊച്ചിയില്‍ 240 ഓട്ടോറിക്ഷകളാണ് പരിശോധിച്ചത്.

ടാക്‌സ് അടയ്ക്കാതെ ഓടിയ 15 ഓട്ടോകളെ പിടികൂടി. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത 12 ഓട്ടോകളും ലൈസന്‍സില്ലാത്ത രണ്ട് ഓട്ടോകളും മീറ്ററില്ലാതെ ഓടിയ 12 ഓട്ടോകളും ഉദ്യോഗസ്ഥര്‍ പിടികൂടി. സംഭവങ്ങളില്‍ 41 ഓളം കേസുകളുമെടുത്തെന്നാണ് റിപ്പോര്‍ട്ടുകള്‍.