കടല്‍ വഴി ആക്രമണത്തിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്; കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

single-img
2 March 2019

കേരളത്തിലെ മത്സ്യ തൊഴിലാളികള്‍ക്ക് ഫിഷറീസ് വകുപ്പിന്റെ ജാഗ്രതാ നിര്‍ദേശം. കടല്‍മാര്‍ഗം തീവ്രവാദികള്‍ നുഴഞ്ഞുകയറാനും ആക്രമിക്കാനും സാധ്യതയുണ്ടെന്ന കേന്ദ്ര ഇന്റലിജന്‍സ് വിഭാഗത്തിന്റെ മുന്നറിയിപ്പിനെത്തുടര്‍ന്നാണിത്. കടലിലൂടെ അന്തര്‍വാഹിനികള്‍ വഴിയാണ് നുഴഞ്ഞുകയറ്റത്തിന് സാധ്യതയെന്നാണ് മുന്നറിയിപ്പ്.

ഈ സാഹചര്യത്തില്‍ മത്സ്യബന്ധനത്തിനിറങ്ങുന്ന ബോട്ടുകളും വള്ളങ്ങളും തൊഴിലാളികളും അതീവജാഗ്രത പുലര്‍ത്തണം. അന്തര്‍വാഹിനികള്‍ക്ക് 25 മുതല്‍ 30 ദിവസം വരെ കടലില്‍ തങ്ങുവാന്‍ സാധിക്കും. എന്നാല്‍, ബാറ്ററി ചാര്‍ജിങ്ങിനുവേണ്ടി ഇവയ്ക്ക് സമുദ്രോപരിതലത്തിലേക്ക് ഉയര്‍ന്നുവരേണ്ടതുണ്ട്. ഈ സമയം അന്തര്‍വാഹിനികളുടെ മുകള്‍ഭാഗം ഒരു കുന്തമുനപോലെയാണ് സമുദ്രോപരിതലത്തില്‍ ദൃശ്യമാവുക.

ഇത്തരത്തിലുള്ള വസ്തുക്കള്‍ കാണുകയാണെങ്കില്‍ അവയുടെ ജി.പി.എസ്. ഏരിയ സഹിതം മത്സ്യത്തൊഴിലാളികള്‍ അടിയന്തരമായി ബന്ധപ്പെട്ട അധികൃതരെ അറിയിക്കണമെന്നും എറണാകുളം മേഖലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ സര്‍ക്കുലറില്‍ പറയുന്നു.

ആലപ്പുഴ ജില്ലയിലെ തീരമേഖലയില്‍ പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. 12 നോട്ടിക്കല്‍ മൈല്‍ ദൂരത്താണ് നിരീക്ഷണം. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ നീളത്തില്‍ കടല്‍ത്തീരമുള്ളത് ആലപ്പുഴ ജില്ലയിലാണ്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ അമ്പലപ്പുഴ നീര്‍ക്കുന്നം തീരത്ത് കൂറ്റന്‍ വിദേശ ബാര്‍ജ് അടിഞ്ഞ സംഭവത്തില്‍ സുരക്ഷാ ക്രമീകരണങ്ങളുടെ പാളിച്ച മറനീക്കിയിരുന്നു.

നടുക്കടലില്‍ മണിക്കൂറുകളോളം ഒഴുകിയാണ് ബാര്‍ജ് നീര്‍ക്കുന്നത്തെത്തിയത്. തീര സുരക്ഷയ്ക്കായി സംസ്ഥാന സര്‍ക്കാര്‍ കോടികള്‍ മുടക്കുന്നതായി അവകാശപ്പെടുമ്പോഴും തീരമേഖലകളില്‍ കാര്യങ്ങള്‍ ശുഭകരമല്ലെന്ന് വ്യക്തമാക്കുന്നതായി അന്നത്തെ സംഭവം. ഈ സാഹചര്യത്തില്‍ തീരസുരക്ഷ ഉറപ്പാക്കുന്നതിനായി തീരദേശ ജാഗ്രതാ സമിതികളുടെ യോഗങ്ങളും ചേര്‍ന്നു.