പാകിസ്ഥാൻ സെെന്യത്തിന് അഭിനന്ദനവും ഇന്ത്യൻ മാധ്യമങ്ങൾക്കു വിമർശനവുമായി അഭിനന്ദൻ വർത്തമാൻ്റെ പുതിയ വീഡിയോ; സെെനികനെ ഇന്ത്യയ്ക്ക് കൈമാറാൻ വൈകിയത് വീഡിയോ ഷൂട്ടിങ്ങ് മൂലം

single-img
2 March 2019

അഭിനന്ദന്‍ വര്‍ത്തമാനെ ഇന്ത്യയ്ക്ക് കൈമാറാൻ വൈകിയത് പാകിസ്ഥാൻ വിഡിയോ ഷൂട്ടിങ്ങിന് വേണ്ടിയെന്ന് റിപ്പോർട്ട്. ഇന്നലെ അഭിനന്ദന്റെ പുതിയ വിഡിയോ ദൃശ്യം പാക്കിസ്ഥാൻ പുറത്തുവിട്ടിരുന്നു.

അഭിനന്ദനെ ഇന്ത്യയ്ക്ക് കൈമാറിയതിന് ശേഷം രാത്രി ഒമ്പതരയോടെയാണ് ഈ ദൃശ്യങ്ങൾ പുറത്തുവിട്ടത്. ഏകദേശം ഒന്നര മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയാണ് ഇത്. പതിനേഴോളം തവണയാണ് ഈ വിഡിയോ എഡിറ്റ് ചെയ്തിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

അഭിനന്ദന്റെ മൊഴി അദ്ദേഹം അതിർത്തി കടക്കും മുമ്പ് വിഡിയോയിൽ രേഖപ്പെടുത്തണമെന്ന് പാക്കിസ്ഥാൻ ഉദ്യോ​ഗസ്ഥർ പറഞ്ഞിരുന്നു. എന്നാൽ അദ്ദേഹം മൊഴി നൽകിയോ എന്ന് വ്യക്തമല്ല.

പാക്കിസ്ഥാൻ സൈന്യത്തെ പ്രശംസിച്ച് സംസാരിച്ച അഭിനന്ദൻ ഇന്ത്യൻ മാധ്യമങ്ങളെ വിഡിയോയിൽ വിമർശിക്കുന്നുമുണ്ട്. ചെറിയ കാര്യങ്ങൾ പോലും ഇന്ത്യൻ മാധ്യമങ്ങൾ പൊലിപ്പിച്ച് കാണിക്കുമെന്നാണ് വിമർശനം.

താൻ പാക്കിസ്ഥാന്റെ വ്യാമാതിർത്തി ലംഘിച്ചെന്നും തന്റെ വിമാനം പാക്ക് വ്യോമസേന വെടിവെച്ചിട്ടെന്നും വിഡിയോയിൽ അഭിനന്ദൻ പറ‌യുന്നു. പാരഷൂട്ട് വഴി താഴേക്കിറങ്ങിയ താൻ പ്രദേശവാസികളുടെ ഇടയിൽ പെട്ടെന്നും അവിടെനിന്ന് പാക്ക് സേനാം​ഗങ്ങളാണ് രക്ഷിച്ചതെന്നും അഭിനന്ദൻ പറയുന്നു.

സേന യൂണിറ്റിലെത്തിച്ച തനിക്ക് പ്രഥമ ശുശ്രൂഷ നൽകിയശേഷം ആശുപത്രിയിലെത്തിച്ചെന്നും അദ്ദേഹം പറയുന്നുണ്ട്.