ഞാന്‍ വരുന്നത് ഗാന്ധിയുടെ നാട്ടില്‍ നിന്നാണ്; എല്ലാ പ്രാര്‍ഥനകളും ‘ശാന്തി’യില്‍ അവസാനിക്കുന്ന നാട്ടില്‍ നിന്ന്: ഖുറാനിലെയും ഭഗവത് ഗീതയിലെയും സൂക്തങ്ങള്‍ ഉദ്ധരിച്ച് ഇസ്‌ലാമിക് രാജ്യങ്ങളുടെ സമ്മേളനത്തില്‍ സുഷമാ സ്വരാജിന്റെ പ്രസംഗം

single-img
1 March 2019

തീവ്രവാദത്തിനെതിരായ പോരാട്ടം മതത്തിനെതിരല്ലെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. എല്ലാ മതങ്ങളും സമാധാനത്തെ കുറിച്ചാണ് സംസാരിക്കുന്നതെന്നും സുഷമ പറഞ്ഞു. ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോപ്പറേഷനിലെ (OIC) വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തിലേക്ക് പ്രത്യേക ക്ഷണിതാവായി എത്തിയതായിരുന്നു മന്ത്രി. സമ്മേളനത്തിലേക്ക് ഇന്ത്യയെ പങ്കെടുപ്പിച്ചതില്‍ പ്രതിഷേധിച്ച് പാകിസ്താന്‍ പരിപാടി ബഹിഷ്‌കരിച്ചിരുന്നു.

”ഭീകരത ജീവിതം തകര്‍ക്കുകയും ഭൂവിഭാഗങ്ങളെ അസ്ഥിരപ്പെടുത്തുകയും ചെയ്യുന്നു. ഞാന്‍ വരുന്നത് മഹാത്മാ ഗാന്ധിയുടെ നാട്ടില്‍നിന്നാണ്. എല്ലാ പ്രാര്‍ഥനകളും ‘ശാന്തി’യില്‍ അവസാനിക്കുന്ന നാട്ടില്‍നിന്ന്. ലോകത്തിന്റെ ശാന്തിക്കും സമാധാനത്തിനും വേണ്ടി എല്ലാ ആശംസകളും അര്‍പ്പിക്കുന്നു.” സുഷമാ സ്വരാജ് പറഞ്ഞു. ഭഗവത് ഗീതയിലെയും ഖുറാനിലെയും സൂക്തങ്ങള്‍ ഉദ്ധരിച്ചായിരുന്നു സുഷമയുടെ പ്രസംഗം.

പുല്‍വാമ ഭീകരാക്രമണവും, തുടര്‍ന്ന് മേഖലയില്‍ രൂപപ്പെട്ട അസ്വസ്ഥതയും മുന്‍നിര്‍ത്തി പാകിസ്താന്റെ അഭാവത്തിലായിരുന്നു സുഷമാ സ്വരാജിന്റെ പ്രസംഗം. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് മണ്ണും പണവും ഒരുക്കുന്നവര്‍ അതില്‍ നിന്നും പിന്‍മാറണം. പല രൂപത്തിലും ഭാവത്തിലും എത്തുന്ന ഭീകരവാദം അവസാനത്തില്‍ എല്ലാത്തിനേയും നാശത്തിലേക്കായിരിക്കും കൊണ്ടെത്തിക്കുകയെന്നും മന്ത്രി പറഞ്ഞു. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ വിദേശകാര്യ മന്ത്രിക്ക് ഒ.ഐ.സി സമ്മേളനത്തിലേക്ക് ക്ഷണം ലഭിക്കുന്നത്.

സൗദി വിദേശകാര്യ മന്ത്രി ഉള്‍പ്പെടെയുള്ളവരുമായി സുഷമാ സ്വരാജ് കൂടിക്കാഴ്ച നടത്തി. ഇസ്ലാമിക രാഷ്ട്രങ്ങളുടെ അന്താരാഷ്ട്ര സമ്മേളനത്തിന് മുന്‍പായിരുന്നു കൂടിക്കാഴ്ച.