ഇന്ത്യയുടെ യഥാര്‍ത്ഥ ശത്രു പാക്കിസ്ഥാനല്ല; രാജ്യത്തിനകത്തു തന്നെയാണ് ശത്രുക്കളെന്ന് ടി.പി സെന്‍കുമാര്‍

single-img
1 March 2019

ഇന്ത്യയുടെ യഥാര്‍ത്ഥ ശത്രു പാക്കിസ്ഥാനല്ലെന്നും രാജ്യത്തിനകത്തു തന്നെയാണ് ശത്രുക്കളെന്നും മുന്‍ ഡി.ജി.പി, ടി.പി സെന്‍കുമാര്‍. വരമ്പത്ത് കൂലി നല്‍കണമെന്ന് പറഞ്ഞവര്‍ പാക്കിസ്ഥാനുമായി സമാധാന ചര്‍ച്ച മതിയെന്നാണ് പറയുന്നത്. ഇവരെ കാശ്മീരിലേക്കയക്കണമെന്നും സെന്‍കുമാര്‍ കോഴിക്കോട് പറഞ്ഞു.

ഇങ്ങനെയുള്ളവരെ കുറച്ചുനാള്‍ കശ്മീരില്‍ താമസിപ്പിക്കണം. ഒന്നുകില്‍ പാക്കിസ്ഥാന്റെ വെടി തീരും. അല്ലെങ്കില്‍ ഇവരുടെ വെടി തീരും. വടകര മുതല്‍ കാസര്‍കോട് വരെയുള്ള പ്രദേശത്ത് ചില പാര്‍ട്ടി ഗ്രാമങ്ങളുണ്ട്. അവിടെ പാര്‍ട്ടി പത്രം മാത്രം വായിക്കാനും അവരുടെ ചാനല്‍ മാത്രം കാണാനും മാത്രം വിധിക്കപ്പെട്ട കുറേ ജനങ്ങളുണ്ട്. അവര്‍ക്ക് ഇത്തിരി ശുദ്ധവായു കടത്തിവിടാനാണ് ശ്രമിക്കേണ്ടത്.

ഷുഹൈബിനെയും കൃപേഷിനെയും ശരത്ത് ലാലിനെയുമൊക്കെ കൊന്നപ്പോഴും സൈനികര്‍ മരിച്ചുവീണപ്പോഴും ‘സാംസ്‌കാരിക നായകര്‍’ മിണ്ടിയില്ല. ഇവരെ വിളിക്കേണ്ടത്് ‘സാംസ്‌കാരിക നായ്ക്കള്‍’ എന്നാണ്. യജമാനന്‍ പറയുന്നതനുസരിച്ചു കുരയ്ക്കുന്ന സ്വഭാവമുള്ളതുകൊണ്ടാണ് ഇങ്ങനെ വിശേഷിപ്പിച്ചത്, അല്ലാതെ നായ്ക്കളെ അധിക്ഷേപിക്കാനല്ലെന്നും സെന്‍കുമാര്‍ പറഞ്ഞു. കോഴിക്കോട് കടപ്പുറത്ത് സനാതന ധര്‍മ പരിഷത്ത് നടത്തിയ ‘ഹൈന്ദവം’ അയ്യപ്പ ഭക്തസംഗമത്തില്‍ പ്രസംഗിക്കുകയായിരുന്നു സെന്‍കുമാര്‍.

ഹൈന്ദവ ആചാരങ്ങളെ സംരക്ഷിക്കുന്നവര്‍ക്ക് വോട്ട് നല്‍കിയാല്‍ മതിയെന്ന് മുഖ്യ പ്രഭാഷണം നടത്തിയ ശബരിമല കര്‍മസമിതി രക്ഷാധികാരി സ്വാമി ചിദാനന്ദപുരി പറഞ്ഞു. പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ചടങ്ങില്‍ അനുസ്മരിച്ചു.