ബിജെപിയെ വെട്ടിലാക്കി പവന്‍ കല്യാണിന്റെ വെളിപ്പെടുത്തല്‍; ‘തെരഞ്ഞെടുപ്പിന് മുന്‍പ് ഇന്ത്യയില്‍ യുദ്ധം ഉണ്ടാകുമെന്ന് രണ്ട് വര്‍ഷം മുന്‍പേ ബി.ജെ.പി നേതാക്കള്‍ പറഞ്ഞിരുന്നു’

single-img
1 March 2019

ബിജെപിയെ വെട്ടിലാക്കുന്ന വെളിപ്പെടുത്തലുമായി ജനസേനാ തലവന്‍ പവന്‍ കല്യാണ്‍. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പായി രാജ്യത്ത് ഒരു യുദ്ധം ഉണ്ടാകുമെന്ന് രണ്ട് വര്‍ഷം മുന്‍പ് ചില ബി.ജെ.പി നേതാക്കള്‍ തന്നോട് പറഞ്ഞിരുന്നതായി പവന്‍ കല്യാണ്‍ പറഞ്ഞു. ബി.ജെ.പിയുടെ മുന്‍സഖ്യകക്ഷിയായിരുന്നു ജനസേന.

കടപ്പ ജില്ലയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവേയാണ് പവന്‍ കല്യാണ്‍ ഈ വെളിപ്പെടുത്തല്‍ നടത്തിയത്. യുദ്ധം ഒരു പ്രശ്‌നത്തിനും പരിഹാരമല്ല. ഇരു രാജ്യങ്ങള്‍ക്കും വലിയ നാശനഷ്ടങ്ങളാണ് യുദ്ധം വരുത്തിവെക്കാന്‍ പോകുന്നത്. രാജ്യസ്‌നേഹമുള്ള ഏക ആളുകള്‍ ബി.ജെ.പിക്കാരാണെന്ന അവരുടെ ധാരണ ശരിയല്ലെന്നും പവന്‍ കല്യാണ്‍ പറഞ്ഞു.

ദേശസ്‌നേഹം എന്നത് ബി.ജെ.പിയുടെ മാത്രം കുത്തകയല്ല. അവര്‍ക്ക് മാത്രമല്ല സ്വന്തം രാജ്യത്തോട് സ്‌നേഹമുള്ളത്. അവരേക്കാള്‍ 10 ഇരട്ടി രാജ്യസ്‌നേഹമുള്ളവരാണ് നമ്മള്‍ ഓരോരുത്തരും. ഇന്ത്യയില്‍ കഴിയുന്ന മുസ്‌ലീങ്ങള്‍ അവരുടെ രാജ്യസ്‌നേഹം തെളിയിക്കണമെന്ന് പറയുന്നതില്‍ എന്ത് അര്‍ത്ഥമാണ് ഉള്ളത്. അതിന്റെ എന്ത് ആവശ്യമാണ് ഉള്ളത്. സമൂഹത്തില്‍ വര്‍ഗീയത ഇളക്കിവിട്ട് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനുള്ള ഏത് ശ്രമത്തേ ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു.

നടന്‍ ചിരഞ്ജീവിയുടെ ഇളയസഹോദരന്‍ കൂടിയാണ് പവന്‍. 2014ലാണ് ജന സേന പാര്‍ട്ടി രൂപീകരിച്ചത്. 2008ല്‍ പ്രജാരാജ്യം എന്ന പാര്‍ട്ടി രൂപീകരിച്ച ചിരഞ്ജീവി പിന്നീട് പാര്‍ട്ടിയെ കോണ്‍ഗ്രസില്‍ ലയിപ്പിച്ചു. നിലവില്‍ കോണ്‍ഗ്രസിന്റെ രാജ്യസഭ എംപിയാണ് ചിരഞ്ജീവി. പ്രജാരാജ്യത്തിലൂടെയാണ് പവന്‍ കല്യാണ്‍ രാഷ്ട്രീയത്തിലേയ്ക്ക് വരുന്നത്. പിന്നീട് ചിരഞ്ജീവിയുമായി തെറ്റിപ്പിരിഞ്ഞ് ജനസേന രൂപീകരിക്കുകയായിരുന്നു.