അഭിനന്ദന്‍ വര്‍ധമാനെ കൈമാറുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് പാക് കോടതിയില്‍ ഹര്‍ജി

single-img
1 March 2019

പാക്കിസ്ഥാന്റെ പിടിയിലായ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ ഇന്ത്യയ്ക്ക് കൈമാറുന്നത് തടയണമെന്നാവശ്യപ്പെട്ട് ഇസ്ലാമാബാദ് ഹൈക്കോടതിയില്‍ ഹര്‍ജി. പാക് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ നാല് പ്രകാരം അഭിനന്ദനെ വിട്ട് നല്‍കാനാവില്ലെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. ഇത് പ്രകാരം അഭിനന്ദനെ ക്രിമിനല്‍ നടപടിക്രമം, യുദ്ധക്കുറ്റം, തീവ്രവാദ കുറ്റം എന്നിവ ചുമത്തി ആര്‍മി ആക്ട് 1952 പ്രകാരം വിചാരണ ചെയ്യണമെന്നും ഹര്‍ജി ആവശ്യപ്പെടുന്നു.

അതേസമയം അഭിനന്ദനെ ഇന്ത്യയ്ക്ക് കൈമാറാനുള്ള നടപടികള്‍ പാക്കിസ്ഥാന്‍ ആരംഭിച്ചു. റാവല്‍പിണ്ടിയില്‍ നിന്ന് അഭിനന്ദനെ ലാഹോറിലെത്തിച്ചു. തുടര്‍ന്ന് ഉച്ചയ്ക്ക് ശേഷം വാഗാ അതിര്‍ത്തി വഴി അഭിനന്ദനെ ഇന്ത്യയ്ക്ക് കൈമാറും.

സ്വീകരിക്കാന്‍ അഭിനന്ദന്റെ മാതാപിതാക്കളും വാഗയിലേക്ക് തിരിച്ചു. കൈമാറ്റത്തിനുളള രേഖയില്‍ ഇന്ത്യ പാക് നയതന്ത്രപ്രതിനിധികള്‍ ഒപ്പുവച്ചു കഴിഞ്ഞു. വാഗയില്‍ വ്യോമസേനയ്ക്കായി സ്വീകരിക്കുന്നത് ഗ്രൂപ്പ് ക്യാപ്റ്റന്‍ ജെ.ഡി.കുര്യനാണ്.

പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് വാഗ അതിര്‍ത്തിയിലെത്തില്ല. മുഖ്യമന്ത്രി പങ്കെടുക്കുന്നതിന് പ്രതിരോധരംഗത്തെ കീഴ് വഴക്കം തടസമായതാണ് കാരണം. അഭിനന്ദന്‍ വര്‍ധമാനെ നാലുമണിയോടെയാണ് പാക്കിസ്ഥാന്‍ ഇന്ത്യയ്ക്ക് കൈമാറുക. ഇന്ത്യന്‍ വ്യോമസേനയുടെയും ബി.എസ്.എഫിന്റെയും ഉദ്യോഗസ്ഥര്‍ ചേര്‍ന്നാവും അഭിനന്ദനെ വാഗയില്‍ സ്വീകരിക്കുക.