പാക് യുദ്ധവിമാനങ്ങള്‍ ഇന്ത്യന്‍ സൈനിക ആസ്ഥാനത്തിന് അടുത്തുവരെ എത്തി

single-img
1 March 2019

ഫെബ്രുവരി 27ന് രജൗരിയിലെ സുന്ദര്‍ബനി പ്രദേശത്തുകൂടെ വ്യോമാതിര്‍ത്തി ലംഘിച്ച് പാകിസ്ഥാന്‍ പോര്‍വിമാനങ്ങള്‍ ഉദ്ദംപുരിലെ സൈനിക ആസ്ഥാനത്തിന് അടുത്തുവരെ എത്തിയെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ ഇന്ത്യന്‍ വ്യോമസേന ശക്തമായി തിരിച്ചടിച്ചതോടെ പാക് വിമാനങ്ങള്‍ പിന്‍വാങ്ങുകയായിരുന്നുവെന്ന് ഇന്ത്യാടുഡേ റിപ്പോര്‍ട്ട് ചെയ്തു. നിയന്ത്രണരേഖ കടന്നിട്ടില്ലെന്ന പാക് അവകാശവാദം തള്ളുന്നതാണ് പുറത്തുവന്ന റിപ്പോര്‍ട്ട്.

പാകിസ്താന്റെ 24 ജെറ്റ് വിമാനങ്ങള്‍ അതിര്‍ത്തി കടന്ന് ജമ്മുകശ്മീരിലെ സൈനികകേന്ദ്രങ്ങളില്‍ ലേസര്‍ ബോംബുകള്‍ വര്‍ഷിക്കാന്‍ ശ്രമം നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ പാക് വിമാനങ്ങളെ വിരട്ടിയോടിച്ചു.

ഉദ്ദംപുരിലെ സൈനിക ആസ്ഥാനവും പ്രസിദ്ധമായ വൈഷ്ണവദേവി ക്ഷേത്രവും സ്ഥിതിചെയ്യുന്ന റെസായി ജില്ല ലക്ഷ്യമാക്കിയായിരുന്നു പാക്ക് വിമാനങ്ങളുടെ നീക്കം. ഇന്ത്യന്‍ വ്യോമസേന ഈ നീക്കത്തെ ചെറുത്തുതോല്‍പ്പിക്കുകയും പാക്ക് വിമാനങ്ങളെ അതിര്‍ത്തിയില്‍നിന്ന് തുരുത്തുകയുമായിരുന്നു.

ഇതിനിടെ നിയന്ത്രണരേഖയോട് ചേര്‍ന്ന ചില മേഖലകളില്‍ പാക് വിമാനങ്ങള്‍ ബോംബ് വര്‍ഷിച്ചെങ്കിലും കാര്യമായ നാശനഷ്ടങ്ങളുണ്ടായില്ലെന്നും ഇന്ത്യാടുഡേ റിപ്പോര്‍ട്ട് ചെയ്തു. 1971നുശേഷം ആദ്യമായാണ് ഇത്തരമൊരു വ്യോമാക്രമണ ശ്രമമുണ്ടാകുന്നത്.

പാക് വിമാനങ്ങള്‍ നിയന്ത്രണരേഖയ്ക്ക് പത്ത് കിലോമീറ്റര്‍ അകലെ എത്തിയപ്പോഴാണ് ആക്രമണവിവരം ഇന്ത്യന്‍ വ്യോമസേന അറിയുന്നത്. ഇതോടെ ഇതേ മേഖലയില്‍ നീരിക്ഷണപ്പറക്കല്‍ നടത്തുകയായിരുന്ന ഇന്ത്യന്‍ വ്യോമസേനയുടെ മിഗ് 21 ബൈസണ്‍ പോര്‍വിമാനങ്ങള്‍ രജൗരി ഭാഗത്തേക്ക് കുതിച്ചു.

തൊട്ടു പിന്നാലെ ശ്രീനഗറിലെ വ്യോമതാവളത്തില്‍ നിന്നും സുഖോയ്, മിറാഷ് യുദ്ധവിമാനങ്ങളും അതിര്‍ത്തിയിലേക്ക് പുറപ്പെട്ടു. ലക്ഷ്യകേന്ദ്രങ്ങളെ ആക്രമിക്കും മുന്‍പ് മിഗ് 21 വിമാനങ്ങള്‍ പാക് പോര്‍വിമാനങ്ങള്‍ക്ക് നേരെ ആക്രമണം ആരംഭിച്ചു. ഇതേ തുടര്‍ന്ന് പിന്‍വലിഞ്ഞ പാകിസ്ഥാന്‍ എഫ് 16 വിമാനങ്ങള്‍ രജൗരിയില്‍ ബോംബുകള്‍ വര്‍ഷിച്ചെങ്കിലും ഇവയെല്ലാം തന്നെ ആളില്ലാത്ത ഇടത്താണ് ചെന്നു പതിച്ചത്. ഒരു ബോംബ് സൈനികകേന്ദ്രത്തിന്റെ കോംപൗണ്ടിലും വീണു.

ഇതിനിടയിലാണ് വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധന്‍ സഞ്ചരിച്ചിരുന്ന മിഗ് 21 വിമാനം ഒരു പാകിസ്ഥാന്‍ എഫ് 16 വിമാനത്തെ പിന്തുടര്‍ന്ന് വീഴ്ത്തിയത്. സാങ്കേതിക മികവില്‍, മിഗ് 21 ബൈസന്‍ വിമാനത്തെക്കാള്‍ മികച്ചതെന്നു വിലയിരുത്തപ്പെടുന്ന യുഎസ് നിര്‍മിത എഫ് 16 യുദ്ധവിമാനത്തെ പിന്തുടര്‍ന്നു വീഴ്ത്തുകയായിരുന്നു അഭിനന്ദന്‍.

ഇതു ഫൈറ്റര്‍ പൈലറ്റ് എന്ന നിലയ്ക്ക് അഭിനന്ദന്റെ അസാമാന്യ മികവിനുള്ള തെളിവാണെന്നു സേനാ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. ഒരു ഘട്ടത്തില്‍ 2 എഫ് 16 വിമാനങ്ങള്‍ക്കിടയില്‍ കുടുങ്ങിയ അഭിനന്ദന്‍ മനസ്സാന്നിധ്യം കൈവിടാതെ നടത്തിയ പ്രത്യാക്രമണമാണ് ഒരു വിമാനത്തെ കീഴ്‌പ്പെടുത്തുന്നതിലും പാക്ക് വിമാനങ്ങളെ തിരികെ പാക്കിസ്ഥാനിലേക്കു തുരത്തുന്നതിലും വിജയിച്ചത്.

വ്യോമാതിര്‍ത്തി ലംഘിച്ച പാക്ക് എഫ് 16 വിമാനത്തെ മിഗ് 21 ബൈസന്‍ ആണു തകര്‍ത്തതെന്നും പാക്ക് അധീന കശ്മീരില്‍ പതിച്ച ഈ വിമാനത്തില്‍ നിന്ന് അവരുടെ 2 പൈലറ്റുമാര്‍ പാരഷൂട്ട് വഴി താഴെയിറങ്ങിയെന്നും ഇന്ത്യന്‍ വ്യോമസേനാ എയര്‍ വൈസ് മാര്‍ഷല്‍ ആര്‍.ജി.കെ. കപൂര്‍ വ്യക്തമാക്കി.

എഫ് 16നെ വിടാതെ പിന്തുടര്‍ന്നാണു അഭിനന്ദന്‍ അതിനെ കീഴ്‌പ്പെടുത്തിയത്. തുടര്‍ന്നു നിയന്ത്രണം നഷ്ടപ്പെട്ട വിമാനത്തില്‍നിന്ന് അപായം തിരിച്ചറിഞ്ഞ് സ്വയം പുറത്തേക്കു തെറിച്ച (ഇജക്ട്) അദ്ദേഹം പാരഷൂട്ട് വഴി പാക്ക് അധീന കശ്മീരില്‍ വീഴുകയായിരുന്നു.