കന്യാകുമാരിയില്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ കുറിച്ച് പറഞ്ഞ് മോദി ‘വടികൊടുത്ത് അടിവാങ്ങി’

single-img
1 March 2019

കന്യാകുമാരിയിലെ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യോമസേന വിംഗ് കമാന്റര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ കുറിച്ച് പറഞ്ഞ പരാമര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയ രംഗത്ത്. രാജ്യത്തിന് മുഴുവന്‍ മാതൃകയായ അഭിനന്ദന്‍ വര്‍ദ്ധമാന്‍ തമിഴ്‌നാട്ടുകാരന്‍ ആണെന്നതില്‍ അഭിമാനമുണ്ടെന്നായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകള്‍.

എന്നാല്‍ അഭിനന്ദന്‍ വര്‍ദ്ധമാന്‍ തമിഴ്‌നാട്ടുകാരന്‍ എന്നല്ല ഇന്ത്യക്കാരന്‍ എന്നാണ് മോദി പറയേണ്ടിയിരുന്നതെന്ന് നിരവധിപേര്‍ ചൂണ്ടിക്കാട്ടി. അതേസമയം രാജ്യം ഒരേമനസ്സോടെ അഭിനന്ദനെ കാത്തിരിക്കുമ്പോള്‍ കന്യാകുമാരിയില്‍ കേന്ദ്രപദ്ധതികളുടെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി എത്തിയതിനെയും സോഷ്യല്‍ മീഡിയ വിമര്‍ശിച്ചു.

കേന്ദ്രവിഹിതത്തില്‍ നിന്നു കന്യാകുമാരി ജില്ലയില്‍ നടപ്പിലാക്കിയ വിവിധ പദ്ധതികള്‍, ചെന്നൈ–മധുര തേജസ് സൂപ്പര്‍ഫാസ്റ്റ് ട്രെയിന്‍ എന്നിവയുടെ ഉദ്ഘാടനവും രാമേശ്വരം പാമ്പന്‍ പാലത്തിനു സമീപം പുതിയ പാലം, രാമേശ്വരത്തിനും ധനുഷ്‌കോടിക്കും മധ്യേ നിര്‍മിക്കുന്ന റയില്‍പാത എന്നിവയുടെ തറക്കല്ലിടല്‍, വിവേകാനന്ദ പോളിടെക്‌നിക് കോളജ് മൈതാനത്ത് പൊതുയോഗം എന്നിവയാണ് കന്യാകുമാരിയില്‍ മോദിയുടെ പരിപാടികള്‍.

അതേസമയം ചില പാര്‍ട്ടികള്‍ മോദിയെ വെറുക്കുന്നതിന്റെ തുടര്‍ച്ചയായി രാജ്യത്തെ വെറുക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സൈന്യത്തിനൊപ്പമാണോ അല്ലയോ എന്ന് വിമര്‍ശകര്‍ വ്യക്തമാക്കണം. സ്വന്തം രാഷ്ട്രീയം ശക്തിപ്പെടുത്താന്‍ രാജ്യത്തെ ദുര്‍ബലപ്പെടുത്തരുതെന്ന് മോദി പറഞ്ഞു. രാജ്യസുരക്ഷയുടെ കാര്യത്തില്‍ ആദ്യം ഇന്ത്യക്കാരായി നില്‍ക്കണം. തിരഞ്ഞെടുപ്പില്‍ അഴിമതിയും കള്ളപ്പണവും ചര്‍ച്ചചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരക്കാര്‍ പാകിസ്ഥാനെ സഹായിക്കുകയും ഇന്ത്യയെ മുറിപ്പെടുത്തുകയും ചെയ്യുന്നു. രാജ്യം സൈന്യത്തിനൊപ്പം നില്‍ക്കുമ്പോള്‍ അവര്‍ സൈന്യത്തെ സംശയിക്കുന്നു. ഭീകരര്‍ക്കെതിരെ ഇന്ത്യ നടത്തുന്ന പോരാട്ടത്തെപ്പോലും ചിലര്‍ക്ക് സംശയമാണെന്നും മോദി പറഞ്ഞു.

നേരത്തെ, ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഇത്രയും സങ്കീര്‍ണമായ അവസ്ഥയിലൂടെ കടന്ന് പോകുമ്പോള്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയ നരേന്ദ്ര മോദിക്കെതിരെ ജ്യോതിരാദിത്യ സിന്ധ്യയും രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രിയായ മോദിയുടെ പ്രവര്‍ത്തി തന്നെ ഞെട്ടിച്ചുവെന്ന് കോണ്‍ഗ്രസ് യുവ നേതാവ് ഇന്ത്യ ടുഡേ കോണ്‍ക്ലേവിലാണ് വ്യക്തമാക്കിയത്.

നമ്മള്‍ തിരിച്ച് ഒരു ആക്രമണം നടത്തി. ഞങ്ങള്‍ ജവാന്മാരെയും പൈലറ്റുമാരെയും അഭിനന്ദിച്ചു. പാകിസ്താന്റെ എഫ് 16 വിമാനം നമ്മുടെ ധീരയോദ്ധാക്കള്‍ വെടിവെച്ചിട്ടു. ഇതിന് ശേഷം നമ്മുടെ പൈലറ്റ് അവരുടെ കസ്റ്റഡിയിലായി. ഈ സമയം ബിജെപി പ്രവര്‍ത്തകരുമായി സംവാദത്തിന് പോയ മോദിയുടെ പ്രവര്‍ത്തി ഞെട്ടിക്കുന്നതാണെന്ന് ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.

ബിജെപിയുടെ ബൂത്ത് സംവിധാനം ശക്തമാണെന്ന് താങ്കള്‍ പറഞ്ഞു. രാജ്യം ശക്തമായാല്‍ ഓരോ ബൂത്തുകളും കരുത്തുറ്റതാകുമെന്നാണ് താങ്കളോട് പറയാനുള്ളതെന്നും സിന്ധ്യ കൂട്ടിച്ചേര്‍ത്തു. പ്രശ്‌നങ്ങള്‍ക്കിടെ മോദി ബിജെപി പ്രവര്‍ത്തകരുമായി നടത്തിയ സംവാദം വിവാദമായിരുന്നു.

ലോകത്തെ ഏറ്റവും വലിയ വീഡിയോ കോണ്‍ഫറന്‍സ് എന്ന വിശേഷണത്തോടെയാണ് ബിജെപി മോദി സംവാദത്തെ മുന്നോട്ട് വെച്ചത്. ഓരോ ഇന്ത്യക്കാരനോടും പ്രധാനമന്ത്രി സംസാരിക്കേണ്ട സമയത്ത് അദ്ദേഹം ബിജെപി പ്രവര്‍ത്തകരുമായി സംവദിക്കുകയാണ് ചെയ്തതെന്ന് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി പറഞ്ഞു.

.

https://m.facebook.com/photo.php?fbid=10217449988175552&id=1050823890&set=a.1137017659557&source=57

https://m.facebook.com/story.php?story_fbid=10217449988455559&id=1050823890