മസൂദ് അസര്‍ പാക്കിസ്ഥാനിലുണ്ട്; നടപടിക്ക് തെളിവ് വേണമെന്ന് പാക് വിദേശകാര്യമന്ത്രി

single-img
1 March 2019

പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ജയ്ഷ് ഇ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ പാക്കിസ്ഥാനിലുണ്ടെന്ന് സ്ഥിരീകരണം. പാക് വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷിയാണ് ഇക്കാര്യം സംബന്ധിച്ച സ്ഥിരീകരണം നല്‍കിയിരിക്കുന്നത്.

മസൂദ് അസറിന്റെ ആരോഗ്യസ്ഥിതി വളരെ മോശമാണ്. വീടിന് പുറത്തേക്ക് ഇറങ്ങാന്‍ പോലും സാധിക്കാത്ത അവസ്ഥയിലാണ് അസറെന്നും ഖുറേഷി പറഞ്ഞു. സിഎന്‍എന്നിനോട് സംസാരിക്കവേയാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.

അസറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കണമെന്ന് യുഎസും യുകെയും ഫ്രാന്‍സും സംയുക്തമായി യുഎന്നില്‍ ആവശ്യം ഉന്നയിക്കുന്നതിനിടെയാണ് പാക്കിസ്ഥാന്റെ സ്ഥിരീകരണം. ആഗോള ഭീകരനായി പ്രഖ്യാപിച്ചാല്‍ അസറിന് ആഗോള യാത്രാവിലക്ക് നേരിടേണ്ടിവരും. സ്വത്തുക്കള്‍ മരവിപ്പിക്കുമെന്നതിനു പുറമേ ആയുധവിലക്കും ഉണ്ടാകും.

നേരത്തെ, ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ കരിംപട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ യുഎന്നില്‍ നിര്‍ദേശം കൊണ്ടു വന്നിരുന്നു. മസൂദ് അസ്ഹറിന് വിലക്കേര്‍പ്പെടുത്തണമെന്ന പ്രമേയം ഫ്രാന്‍സ് രക്ഷാസമിതിയില്‍ അവതരിപ്പിച്ചേക്കും.

ഈ നീക്കം വീറ്റോ അധികാരമുള്ള ചൈന എതിര്‍ക്കുമെന്നാണ് സൂചന. ഇയാള്‍ക്കെതിരെ മുമ്പ് പ്രമേയങ്ങള്‍ കൊണ്ടുവന്നപ്പോഴെല്ലാം ചൈന എതിര്‍ത്തിരുന്നു. എന്നാല്‍ പുതിയ പ്രമേയത്തെ സംബന്ധിച്ച് ചൈന ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

15 അംഗ രക്ഷാസമിതിയുടെ അധ്യക്ഷസ്ഥാനം മാര്‍ച്ച് ഒന്നിന് ഇക്വറ്റോറിയല്‍ ഗിനിയില്‍നിന്ന് ഫ്രാന്‍സ് ഏറ്റെടുക്കാനിരിക്കെയാണ് പ്രമേയം എന്നതും ശ്രദ്ധേയമാണ്. സമിതിയില്‍ വീറ്റോ അധികാരമുള്ള സ്ഥിരാംഗമാണ് ഫ്രാന്‍സ്.

2009ല്‍ അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കാന്‍ പ്രമേയം കൊണ്ടുവരാന്‍ ഇന്ത്യ നീക്കം നടത്തിയിരുന്നു. 2016ല്‍ പഠാന്‍കോട്ട് ഭീകരാക്രമണത്തിനുപിന്നാലെയും ഇതിനു ശ്രമിച്ചു. 2017ല്‍ യു.എസ്., ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ സമാന പ്രമേയം കൊണ്ടുവന്നു. പ്രമേയങ്ങള്‍ കൊണ്ടുവന്നപ്പോഴെല്ലാം രക്ഷാസമിതിയിലെ വീറ്റോ അധികാരമുപയോഗിച്ച് ചൈന എതിര്‍ക്കുകയായിരുന്നു.

അതിനിടെ, വിദേശകാര്യമന്ത്രി സുഷമാസ്വരാജും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയുടെ പശ്ചാത്തലത്തില്‍ ഇത്തവണ ചൈന എങ്ങനെ നീങ്ങുമെന്ന് കാണാന്‍ കാത്തിരിക്കുകയാണ് ലോകം.