സിപിഐയ്ക്ക് തിരുവനന്തപുരത്ത് സ്ഥാനാര്‍ഥി പട്ടികയായി; ജില്ലാ കൗണ്‍സില്‍ നിര്‍ദേശിച്ചത് മൂന്നു പേരുകള്‍

single-img
1 March 2019

തിരുവനന്തപുരം സീറ്റിലേക്ക് സിപിഐ ജില്ലാ കൗണ്‍സില്‍ മൂന്നു പേരുകള്‍ നിര്‍ദേശിച്ചു. മുന്‍ മന്ത്രിയും എംഎല്‍എയുമായ സി.ദിവാകരന്‍, പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, ജില്ലാ സെക്രട്ടറി ജി.ആര്‍ അനില്‍ എന്നിവരുടെ പേരുകളാണ് ജില്ലാ കൗണ്‍സില്‍ നിര്‍ദേശിച്ചിരിക്കുന്നത്.

രാഷ്ട്രീയ സ്ഥാനാര്‍ഥി വേണമെന്ന ധാരണയുടെ അടിസ്ഥാനത്തില്‍ പട്ടിക അംഗീകരിക്കുകയായിരുന്നു. മണ്ഡലങ്ങളിലെ വിജയസാധ്യതയുള്ള സ്ഥാനാര്‍ഥികളുടെ പട്ടിക തയാറാക്കാന്‍ തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ജില്ലാ കൗണ്‍സിലുകള്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ചേരുന്ന യോഗത്തില്‍ അവസാനപട്ടികയാകും.

ആനി രാജയുടെ പേര് ആദ്യ ഘട്ടത്തില്‍ ഉയര്‍ന്നുവന്നെങ്കിലും ജില്ലാ കൗണ്‍സിലില്‍ ഏകാഭിപ്രായമുണ്ടായില്ല. കാനം മത്സരിക്കാനില്ല എന്ന നിലപാടില്‍ തന്നെയാണെന്നാണ് സൂചനകള്‍. എന്നാല്‍ ശക്തമായ രാഷ്ട്രീയ മത്സരം കാഴ്ചവെക്കാന്‍ കാനം തന്നെ മത്സരിക്കണം എന്ന അഭിപ്രായം ജില്ലാ കൗണ്‍സിലില്‍ ഉയര്‍ന്നുവരുകയും പട്ടികയില്‍ ഉള്‍പ്പെടുത്തുകയുമായിരുന്നു.