ജമ്മു കാശ്മീര്‍ ജമാഅത്തെ ഇസ്‌ലാമിയെ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു

single-img
1 March 2019

ജമ്മു കാശ്മീര്‍ ജമാഅത്തെ ഇസ്‌ലാമിയെ നിയവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആരോപിച്ച് കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. കശ്മീരിലെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന ജമാ അത്തെ ഇസ്‌ലാമിക്ക് ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ വിജ്ഞാപനത്തില്‍ വിശദമാക്കുന്നു.

കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കഴിഞ്ഞ ആഴ്ച നടത്തിയ റെയ്ഡുകളില്‍ സംഘടനയുമായി ബന്ധമുള്ള 30ല്‍ അധികം പേരെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് നടപടി. ജമാ അത്തെ ഇസ്‌ലാമി നേതാവ് ഡോ അബ്ദുള്‍ ഹാമിദ് ഫായിസ്, വക്താവ് സാഹിദ് അല്, മുന്‍ ജനറല്‍ സെക്രട്ടറി ഗുലാം ക്വാദില്‍ ലോണ്‍ എന്നിവരടക്കമാണ് അറസ്റ്റിലായിട്ടുള്ളത്.

അനന്തനാഗ്, ദയാല്‍ഗാം, പഹല്‍ഗാം, ട്രാല്‍ എന്നിവിടങ്ങളില്‍ നിന്നും സംഘടനാ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ജമ്മു കശ്മീരില്‍ നടക്കുന്ന ഭീകര പ്രവര്‍ത്തനങ്ങളുടെ പിന്നില്‍ സംഘടയ്ക്ക് വ്യക്തമായ പങ്കുണ്ടെന്നാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ആരോപിക്കുന്നത്.

നിയമവിരുദ്ധ പ്രവര്‍ത്തന(തടയല്‍) നിയമം, 1967 ഉപയോഗിച്ചാണ് കേന്ദ്ര നടപടി. അഞ്ചു വര്‍ഷത്തേക്കാണ് നിരോധനം. പുല്‍വാമ ഭീകരാക്രമണത്തിനു തൊട്ടു പിന്നാലെയാണ് നിരോധനം എന്നത് ശ്രദ്ധേയമാണ്. രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് സംഘടന ഭീഷണിയാണെന്നും, തീവ്രവാദ സംഘടനകളുമായി ജമാഅത്ത് ഇസ്‌ലാമിക്ക് അടുത്ത ബന്ധം ഉണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആരോപിച്ചു.

വിഘടനവാദ സംഘടനകളുടെ നേതാക്കളെ അറസ്റ്റു ചെയ്യുന്നത് താഴ്‌വരയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമല്ലെന്നും, മുമ്പ് നടന്നിട്ടുള്ള ഇത്തരം ശ്രമങ്ങള്‍ പ്രതികൂലമായാണ് സംസ്ഥാനത്തെ ബാധിച്ചതെന്നും മെഹ്ബൂബ മുഫ്തി പറഞ്ഞിരുന്നു. ഇവരുടെ അറസ്റ്റ് നിയമാനുസൃതമല്ലെന്നും മെഹ്ബൂബ പറഞ്ഞിരുന്നു.

1942 ലാണ് ജമ്മു കാശ്മീരില്‍ ജമാഅത്ത് ഇസ്‌ലാമി രൂപീകരിച്ചത്. 1965 മുതല്‍ 1987 വരെ സജീവ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും ജമാഅത്തെ ഇസ്‌ലാമി പങ്കെടുത്തിരുന്നു.