മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ സർക്കാർ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് മുൻപ് സ്ഥാപനത്തിനകത്ത് ഗണപതി ഹോമം നടത്തി

single-img
1 March 2019

മുഖ്യമന്ത്രി പിണറായി വിജയൻറെ മണ്ഡലമായ ധര്‍മ്മടത്തു കേരള സ്റ്റേറ്റ് ടെക്സ്റ്റൈൽ കോർപ്പറേഷന് കീഴിൽ ഇന്നലെ പ്രവർത്തനം ആരംഭിച്ച ഹൈ ടെക് വീവിങ് മില്ലിനകത്ത് ഉദ്ഘാടനത്തിന് മുൻപ് ഗണപതി ഹോമം നടത്തിയതായി വിവരം.

വീവിങ് മില്ലിനകത്ത് ഗണപതി ഹോമം നടത്തുന്നതിന്റെ ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്. വെളുപ്പിന് 3ന് ആരംഭിച്ച ഹോമം 5 നാണ് സമാപിച്ചത്. അതിനു ശേഷം രാവിലെ 9.30നായിരുന്നു മില്ലിന്റെ പ്രവർത്തനം മന്ത്രി ഇ.പി ജയരാജൻ ഉദ്ഘാടനം ചെയ്തത്.

ഇടതുപക്ഷ സർക്കാരിനു കീഴിലെ സ്ഥാപനത്തിൽ ഗണപതി ഹോമം നടത്തിയത് പാർട്ടി പ്രവർത്തകർക്കിടയിൽ ചർച്ചയായിട്ടുണ്ട്. ഹോമത്തിന്റെ പ്രസാദം ചിലർക്ക് കഴിക്കാൻ ലഭിച്ചപ്പോഴാണ് വിവരം പുറത്തറിഞ്ഞത്.

എന്നാൽ മില്ലിനകത്ത് ഹോമവും പൂജയും ഒന്നും നടന്നിട്ടില്ലെന്ന് ജനറൽ മാനേജർ പി.ആർ. ഹോബി പറഞ്ഞു. മറിച്ചുള്ള പ്രചാരണം അടിസ്ഥാനരഹിതമാണ്. മുൻപ് ചീമേനി തുറന്ന ജയിലിൽ ഇത്തരത്തിൽ പൂജ നടത്തിയത് വിവാദമായിരുന്നു.