ഇന്ത്യൻ വ്യോമസേന ജെയ്‌ഷെ മുഹമ്മദിന്‍റെ തീവ്രവാദ പരിശീലനകേന്ദ്രം ആക്രമിക്കാൻ പോകുന്ന വിവരം പ്രതിരോധമന്ത്രി അറിഞ്ഞിരുന്നില്ല; വെളിപ്പെടുത്തലുമായി ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി

single-img
1 March 2019

പുൽവാമയിലെ 40 സി ആർ പി എഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ തീവ്രവാദി ആക്രമണത്തിന് ഉത്തരവാദികളായ ജെയ്‌ഷെ മുഹമ്മദിന്റെ പാക്കിസ്ഥാനിലെ തീവ്രവാദ പരിശീലന കേന്ദ്രം ആക്രമിക്കാൻ പോകുന്ന വിവരം പ്രതിരോധ മന്ത്രി അറിഞ്ഞിരുന്നില്ല എന്ന വിവാദ വെളിപ്പെടുത്തലുമായി ബിജെപി നേതാവും എം പിയുമായ സുബ്രഹ്മണ്യന്‍ സ്വാമി രംഗത്ത്.

ഞാൻ അറിഞ്ഞത് പ്രകാരം കേവലം ഏഴു പേര് മാത്രമാണ് പാക്കിസ്ഥാനിലെയും പാക് അധീന കാശ്മീരിലെയും തീവ്രവാദ കേന്ദ്രങ്ങൾ ആക്രമിക്കാൻ പോകുന്ന വിവരം അറിഞ്ഞത്. അത് പ്രധാനമന്ത്രി, അജിത് ഡോവൽ, മൂന്നു സേനാ തലവന്മാർ പിന്നെ ഐ ബിയുടെയും റോയുടെയും തലവന്മാർ- സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.

ഇന്ത്യയുടെ പ്രതിരോധ മന്ത്രിയെ അറിയിക്കാതെ പാക്കിസ്ഥാനിൽ കടന്നുകയറി വ്യോമസേന ഇത്തരം ഒരു ആക്രമണം നടത്തിയെന്നത് രാഷ്ട്രീയമായി വളരെ വലിയ പ്രത്യാഘാതം ഉണ്ടാക്കുന്ന പ്രസ്താവനയാണ്. പ്രധാന മന്ത്രിയാണ് മന്ത്രിസഭയുടെ തലവനെങ്കിലും നിയമപരമായി പ്രതിരോധ സേനയുമായി ബന്ധപ്പെട്ട എല്ലാ വലിയ തീരുമാനങ്ങളും മന്ത്രി അറിയേണ്ടതുണ്ട്. അതിന്റെ ലംഘനം കൂടെയാണ് ഇത് എന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.