വാചകമടിക്കാന്‍ മാത്രമേ പാക്കിസ്ഥാന്‍ പ്രധാനമന്ത്രിക്ക് കഴിയൂ; ഇമ്രാന്‍ ഖാനെ എങ്ങനെ വിശ്വസിക്കുമെന്ന് അമിത് ഷാ

single-img
1 March 2019

പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ ഇന്ത്യ എങ്ങനെ വിശ്വസിക്കുമെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. പുല്‍വാമ ഭീകരാക്രമണത്തെ അപലപിക്കാന്‍ ഇമ്രാന്‍ ഖാന്‍ തയ്യാറായിട്ടില്ല. എന്ത് സമ്മര്‍ദമാണ് ഇക്കാര്യത്തിലുള്ളതെന്ന് ഇമ്രാന്‍ ഖാന്‍ വെളിപ്പെടുത്തണമെന്നും അമിത് ഷാ പറഞ്ഞു.

കുറഞ്ഞ പക്ഷം ഒരു തവണയെങ്കിലും പുല്‍വാമ ഭീകരാക്രമണത്തെ അദ്ദേഹത്തിന് വിമര്‍ശിക്കാമായിരുന്നു. അങ്ങനെ ചെയ്യാത്തപ്പോള്‍ എങ്ങനെയാണ് ഇമ്രാന്‍ ഖാനെ വിശ്വസിക്കുകയെന്നും അമിത് ഷാ ചോദിച്ചു. ഇന്ത്യ ടുഡേ കോണ്‍ക്ലേവില്‍ ആയിരുന്നു അമിത് ഷായുടെ പ്രതികരണം.

പാകിസ്ഥാന്റെ കസ്റ്റഡിയിലുള്ള വ്യോമസേന വിംഗ് കമാന്റര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ അവര്‍ വിട്ടയ്ക്കാന്‍ തീരുമാനിച്ചത് ഇന്ത്യയുടെ നയതന്ത്ര വിജയമാണ്. രാജ്യാന്തര തലത്തില്‍ പാകിസ്ഥാനെ ഒറ്റപ്പെടുത്താനുമായി. ഭീകരവാദത്തോട് അസഹിഷ്ണുത പുലര്‍ത്തുക എന്നതാണ് ഇന്ത്യയുടെ നയം.

പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം രാജ്യാന്തര തലത്തില്‍ പാകിസ്ഥാന്‍ ഒറ്റപ്പെട്ടു. അത് ഇന്ത്യയുടെ പ്രധാന നയതന്ത്ര വിജയമാണ്. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ തിരിച്ചെത്തിക്കാനായതും ഇന്ത്യയുടെ വിജയമാണെന്നും അമിത് ഷാ പറഞ്ഞു.

ഇരുരാജ്യങ്ങള്‍ക്കും ഇടയിലെ സമാധാനം പുനസ്ഥാപിക്കാനുള്ള ആദ്യചുവടുവയ്പ്പ് എന്ന നിലയിലാണ് അഭിനന്ദനെ തിരിച്ചയക്കുന്നതെന്നും മേഖലയില്‍ സമാധാനം നിലനില്‍ക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നുമാണ് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഇന്നലെ പറഞ്ഞത്.