യെദിയൂരപ്പക്ക് പിന്നാലെ വ്യോമാക്രമണത്തെ രാഷ്ട്രീയവല്‍ക്കരിച്ച് ബിജെപി അധ്യക്ഷന്‍ അമിത്ഷാ; പാകിസ്ഥാന് മറുപടി നൽകിയത് കോൺഗ്രസല്ല,​ മോദിയുടെ കീഴിലുള്ള സർക്കാരാണെന്ന് അമിത് ഷാ

single-img
1 March 2019

യെദിയൂരപ്പക്ക് പിന്നാലെ വ്യോമാക്രമാണത്തെ രാഷ്ട്രീയവല്‍ക്കരിച്ച് ബിജെപി അധ്യക്ഷന്‍ അമിത്ഷാ രംഗത്ത്. പ്രമുഖ ദേശീയ മാധ്യമം സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെയാണ് അമിത്ഷാ വ്യോമാക്രമാണത്തെ രാഷ്ട്രീയവല്‍ക്കരിച്ച് പ്രസംഗിച്ചത്. നരേന്ദ്രമോദി സർക്കാരിലൂടെ ഇന്ത്യ പാകിസ്ഥാന് നൽകിയത് ശക്തമായ മറുപടിയാണെന്നും, പാകിസ്ഥാനെ തിരിച്ചടിച്ചത് കോൺഗ്രസ് സർക്കാരല്ല മോദി സർക്കാരാണെന്നുമാണ് ബിജെപി അധ്യക്ഷന്‍ അമിത്ഷാ പറഞ്ഞത്.

‘പുൽവാമ ഭീകാരക്രമണത്തിന് പിന്നാലെ പാകിസ്ഥാന് ശക്തമായ മറുപടി കൊടുത്തത് മുൻപ് ഇന്ത്യ ഭരിച്ചിരുന്ന കോൺഗ്രസ് സർക്കാരല്ല,​ ഇപ്പോൾ രാജ്യം ഭരിക്കുന്ന നരേന്ദ്രമോദിയുടെ കീഴിലുള്ള ബി.ജെ.പി സർക്കാരാണ്. രാജ്യ സുരക്ഷ തന്നെയാണ് ഏറ്റവും പ്രധാനം. ഉറിക്ക് മറുപടിയായി പാകിസ്ഥാന് സർജിക്കൽ സ്ട്രൈക്കായിരുന്നു നൽകിയതെങ്കിൽ പുൽവാമയ്ക്ക് മറുപടിയായി ഇന്ത്യ നൽകിയത് എയർ സ്ട്രൈക്കാണ്’ അമിത് ഷാ പറഞ്ഞു.

പാകിസ്ഥാൻ എല്ലാ രാജ്യങ്ങളുടെ മുന്നിലും ഒറ്റ‌പ്പെടുകയാണ്. പുൽവാമ ഭീകരാക്രമണത്തിന് 12ദിവസങ്ങൾ പിന്നിടുമ്പോൾ ഇന്ത്യ തിരിച്ചടിച്ചു. ജെയ്ഷെ ഭീകരരുടെ പ്രധാന കേന്ദ്രങ്ങളിൽ ഇന്ത്യ ബോംബുകൾ വർഷിച്ചു. ആക്രമണത്തിൽ ജെയ്ഷെ കമാൻഡർമാർ ഉൾപ്പെടെ പരിശീലനം ലഭിച്ച നിരവധി തീവ്രവാദികളെയും നമ്മൾ ചുട്ടെരിച്ചു.ബുധനാഴ്ച ഇന്ത്യയ്ക്ക് നേരെ നടന്ന ആക്രമണത്തിൽ അതിർത്തി കടന്നെത്തിയ പാക് വിമാനങ്ങളെ ഇന്ത്യ തിരിച്ചടിച്ചിരുന്നു. ഇതെല്ലാം രാജ്യത്തിന്റെ വിജയമാണെന്നും അമിത് ഷാ കൂട്ടിച്ചേർത്തൂ.

നേരത്തെ പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾക്കെതിരായ വ്യോമാക്രമണം രാജ്യത്ത് വീണ്ടും മോദി തരംഗം സൃഷ്ടിക്കുമെന്ന ബിജെപി അധ്യക്ഷൻ ബി.എസ്.യെദിയൂരപ്പയുടെ പ്രസ്താവന വിവാദമായിരുന്നു. യെദിയൂരപ്പയെ തിരുത്തി കേന്ദ്രമന്ത്രി വി.കെ സിങ് ഉൾപ്പടെയുള്ളവർ രംഗത്തെത്തിയിരുന്നു. വ്യോമാക്രമണം നടത്തിയത് രാജ്യരക്ഷയ്ക്കായാണ്, തിരഞ്ഞെടുപ്പ് ജയിക്കാനല്ല എന്നാണു വി.കെ സിങ് പറഞ്ഞത്.