വരും നിമിഷങ്ങള്‍ നിര്‍ണായകം

single-img
1 March 2019

പാകിസ്താന്‍ തടവുകാരനാക്കുകയും പീഡിപ്പിക്കുകയും ചെയ്തിട്ടും അക്ഷോഭ്യനായി നേരിട്ട വ്യോമസേനാ പൈലറ്റ് വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമന്‍ ഇന്ന് തിരിച്ചെത്തും. പാക് തടവിലുളള അഭിനന്ദനെ ഉച്ചയോടെ വാഗാ അതിര്‍ത്തിയില്‍ ഇന്ത്യയ്ക്ക് കൈമാറും.

കൃത്യമായ സമയം അടക്കമുളള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. റാവല്‍പിണ്ടിയിലെ സൈനിക ആസ്ഥാനത്തുനിന്നും അഭിനന്ദനെ പ്രത്യേക വിമാനത്തില്‍ ലാഹോറിലും അവിടെ നിന്ന് വാഗയിലും എത്തിക്കും. റെഡ് ക്രോസിനാകും അഭിനന്ദനെ കൈമാറുക.

തുടര്‍ന്ന് ഇന്ത്യന്‍ വ്യോമസേനയുടെയും ബി.എസ്.എഫിന്റെയും ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് അഭിനന്ദനെ സ്വീകരിക്കും. അഭിനന്ദന്റെ മാതാപിതാക്കളടക്കമുളളവര്‍ വാഗയില്‍ എത്തുന്നുണ്ട്. രാവിലെ മുതല്‍ ആളുകള്‍ ഇന്ത്യന്‍ പതാകയുമായി വാഗാ അതിര്‍ത്തിയിലെത്തുന്നുണ്ട്.

അന്താരാഷ്ട്രസമ്മര്‍ദം മുറുകുകയും ഇന്ത്യ കര്‍ക്കശനിലപാട് സ്വീകരിക്കുകയും ചെയ്തതിനുപിന്നാലെയാണ്, അഭിനന്ദനെ വിട്ടയക്കുമെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പ്രഖ്യാപിച്ചത്.

ബുധനാഴ്ചയാണ് അഭിനന്ദനെ പാകിസ്താന്‍ പിടികൂടിയത്. നിയന്ത്രണരേഖ ലംഘിച്ചെത്തിയ പാക് വ്യോമസേനാവിമാനം വെടിവെച്ചുവീഴ്ത്തിയതിനു പിന്നാലെയാണ് അദ്ദേഹം പിടിയിലായത്. അദ്ദേഹം പറപ്പിച്ചിരുന്ന മിഗ്21 ബൈസണ്‍ പോര്‍വിമാനം പാക് അധീനകശ്മീരില്‍ തകര്‍ന്നുവീണതിനെത്തുടര്‍ന്നായിരുന്നു ഇത്.

ഫെബ്രുവരി 27ന് രജൗരിയിലെ സുന്ദര്‍ബനി പ്രദേശത്ത് കൂടെ വ്യോമാതിര്‍ത്തി ലംഘിച്ചാണ് പാകിസ്ഥാന്‍ പോര്‍വിമാനങ്ങള്‍ ഇന്ത്യന്‍ ആകാശത്ത് പ്രവേശിച്ചത്. എട്ട് എഫ്16 പോര്‍വിമാനങ്ങള്‍, നാല് ജെഎഫ്17, നാല് മിറാഷ്5 എന്നീ പോര്‍വിമാനങ്ങളാണ് ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് വന്നത്.

ഇതില്‍ 3 എഫ്16 പോര്‍വിമാനങ്ങള്‍ വ്യോമാതിര്‍ത്തി ലംഘിച്ച് ഇന്ത്യയിലേക്ക് കടന്നു. പാക് വിമാനങ്ങള്‍ നിയന്ത്രണരേഖയ്ക്ക് പത്ത് കിലോമീറ്റര്‍ അകലെ എത്തിയപ്പോഴാണ് ആക്രമണവിവരം ഇന്ത്യന്‍ വ്യോമസേന അറിയുന്നത്. ഇതോടെ ഇതേ മേഖലയില്‍ നീരിക്ഷണപ്പറക്കല്‍ നടത്തുകയായിരുന്ന ഇന്ത്യന്‍ വ്യോമസേനയുടെ മിഗ് 21 ബൈസണ്‍ പോര്‍വിമാനങ്ങള്‍ രജൗരി ഭാഗത്തേക്ക് കുതിച്ചു.

തൊട്ടു പിന്നാലെ ശ്രീനഗറിലെ വ്യോമതാവളത്തില്‍ നിന്നും സുഖോയ്, മിറാഷ് യുദ്ധവിമാനങ്ങളും അതിര്‍ത്തിയിലേക്ക് പുറപ്പെട്ടു. ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങള്‍, ബ്രിഗേഡ്, ബാറ്റാലിയന്‍ ആസ്ഥാനങ്ങള്‍ തുടങ്ങിയവയായിരുന്നു പാകിസ്ഥാന്‍ വ്യോമസേനയുടെ ലക്ഷ്യം.

എന്നാല്‍ ലക്ഷ്യകേന്ദ്രങ്ങളെ ആക്രമിക്കും മുന്‍പ് മിഗ് 21 വിമാനങ്ങള്‍ പാക് പോര്‍വിമാനങ്ങള്‍ക്ക് നേരെ ആക്രമണം ആരംഭിച്ചു. ഇതേ തുടര്‍ന്ന് പിന്‍വലിഞ്ഞ പാകിസ്ഥാന്‍ എഫ് 16 വിമാനങ്ങള്‍ രജൗരിയില്‍ ബോംബുകള്‍ വര്‍ഷിച്ചെങ്കിലും ഇവയെല്ലാം തന്നെ ആളില്ലാത്ത ഇടത്താണ് ചെന്നു പതിച്ചത്. ഒരു ബോംബ് സൈനികകേന്ദ്രത്തിന്റെ കോംപൗണ്ടിലും വീണു.

ഇതിനിടയിലാണ് വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധന്‍ സഞ്ചരിച്ചിരുന്ന മിഗ് 21 വിമാനം ഒരു പാകിസ്ഥാന്‍ എഫ് 16 വിമാനത്തെ പിന്തുടര്‍ന്ന് വീഴ്ത്തിയത്. ഇതിനു ശേഷം മറ്റു രണ്ട് പോര്‍വിമാനങ്ങളെ പിന്നാലെ പോയ അഭിനന്ദന്റെ മിഗ് 21 വിമാനത്തെ മറ്റു പാക് പോര്‍വിമാനങ്ങള്‍ ആക്രമിച്ചു. നിയന്ത്രണം തെറ്റിയ ഈ വിമാനം പാക് അധീന കശ്മീരിലാണ് ചെന്നു പതിച്ചത്. ഇവിടെ വച്ചാണ് അഭിനന്ദന്‍ പാകിസ്ഥാന്‍ സൈന്യത്തിന്റെ പിടിയിലാവുന്നത്.

പാകിസ്ഥാന്‍ ആക്രമണം നടത്തുന്നതിന് തലേന്ന് രാത്രി സുഖോയ്, മിഗ് 29 എന്നീ വിമാനങ്ങള്‍ അതിര്‍ത്തിയില്‍ വ്യോമനിരീക്ഷണം നടത്തിയിരുന്നു. രാവിലെയോടെയാണ് മിഗ് 21 ബൈസോണ്‍ വിമാനങ്ങള്‍ നിരീക്ഷണ ചുമതല ഏറ്റെടുത്തത്. ഇതിനു പിന്നാലെയാണ് പാക് പോര്‍വിമാനങ്ങള്‍ ഇന്ത്യന്‍ അതിര്‍ത്തി കടന്നു വന്നതും ഇരുവ്യോമസേനകളും തമ്മിലുള്ള ഏറ്റുമുട്ടല്‍ ആരംഭിച്ചതും.