വിങ് കമാണ്ടർ അഭിനന്ദന്‍റെ ധീരതയെ വാഴ്ത്തി പാക്കിസ്ഥാന്‍ മാധ്യമം; ‘ഭാരത് മാതാ കി ജയ്’ വിളിച്ചു ചീറ്റപ്പുലിയെ പോലെ പോരാടിയ അഭിനന്ദനെ കീഴടക്കിയത് ഏറെ പണിപ്പെട്ട്

single-img
28 February 2019

വിങ് കമാണ്ടർ അഭിനന്ദന്‍റെ ധീരതയെ വാഴ്ത്തി പാക്കിസ്ഥാന്‍ മാധ്യമം ദി ഡോൺ. ഏറെ പണിപ്പെട്ടാണ് ‘ഭാരത് മാതാ കി ജയ്’ വിളിച്ചു ചീറ്റപ്പുലിയെ പോലെ പോരാടിയ വിങ് കമാണ്ടർ അഭിനന്ദനെ കീഴടക്കിയത് എന്നാണു ദി ഡോൺ റിപ്പോർട്ട് ചെയ്യുന്നത്.

പ്രദേശവാസിയായ റസാഖാണ് ആദ്യം വിങ് കമാണ്ടർ അഭിനന്ദൻ പാക്കിസ്ഥാൻ അധീന കാശ്മീരിൽ പാരച്യൂട്ട് ഇറങ്ങുന്നത് കണ്ടത്. ഉടൻതന്നെ അദ്ദേഹം ചെറുപ്പക്കാരെ കൂട്ടി അങ്ങോട്ടേക്ക് പുറപ്പെട്ടെങ്കിലും കീഴടങ്ങാൻ അഭിനന്ദൻ കൂട്ടാക്കിയില്ല എന്നാണ് റസാഖ് ദി ഡോണിനോട് പറഞ്ഞത്.

തനിക്കു നേരെ പാഞ്ഞടുത്ത ജനങ്ങളോട് തോക്കു ചൂണ്ടി സ്ഥലം ഇന്ത്യയിലാണോ പാകിസ്ഥാനിലാണോ എന്നാണ് അഭിനന്ദൻ
ആദ്യം ചോദിച്ചത് എന്നാണ് റസാക്ക് പറയുന്നത്. പാകിസ്ഥാനിലാണ് എന്നറിഞ്ഞതോടെ ഭാരത് മാതാ കി ജയ് എന്ന് വിളിച്ചു കൊണ്ടാണ് തനിക്കുനേരെ അടുത്ത ജനക്കൂട്ടത്തെ നേരിട്ടു. ഇതിൽ പ്രകോപിതരായ ചെറുപ്പക്കാർ തിരിച്ച് പാകിസ്ഥാന് പട്ടാളത്തിന് ജയ് വിളിച്ചു എന്നും റസാഖ് പറയുന്നു

ഇതിനിടയിൽ തനിക്കു നേരെ വന്ന ആൾക്കൂട്ടത്തെ നേരിടാനായി അഭിനന്ദൻ ആകാശത്തേക്ക് കൈത്തോക്ക് ഉപയോഗിച്ച് പലതവണ വെടിവെച്ചതായും റസാഖ് പറയുന്നു. കൂടാതെ ആൾക്കൂട്ടത്തെ വിരട്ടിയോടിച്ച ശേഷം തിരിച്ച് ഇന്ത്യയിലേക്ക് ഓടാൻ ശ്രമിച്ചതായും, കൈവശമുണ്ടായിരുന്ന രേഖകൾ വലിച്ചുകീറി കളയാനും, വെള്ളത്തിൽ ഒഴുക്കിക്കളയാനും ശ്രമിച്ചതായും റസാഖ് ദി ഡോണിനോട് പറഞ്ഞു.

ഇതിനിടയിൽ ആൾക്കൂട്ടത്തിൽ നിന്ന് ഒരാൾ വിങ് കമാണ്ടർ അഭിനന്ദന്റെ കാലിൽ നേരെ വെടിയുതിർക്കുകയായിരുന്നു. ഇതോടെ നിലത്തുവീണ അഭിനന്ദനെ ആൾക്കൂട്ടം കീഴ്പ്പെടുത്തുകയായിരുന്നു എന്നുമാണ് റസാഖ് മാധ്യമങ്ങളോട് പറഞ്ഞത്. അപ്പോൾ തന്നെ സ്ഥലത്തെത്തിയ പാകിസ്ഥാൻ പട്ടാളം അഭിനന്ദന കസ്റ്റഡിയിലായിരുന്നു എന്നുമാണ് റസാഖ് ദി ഡോണിനോട് പറഞ്ഞത്.

നേരത്തെ അഭിനന്ദന്റെ കൈയും കണ്ണും കെട്ടിയ രൂപത്തിൽ ചോദ്യം ചെയ്യുന്നതിനിടെ രഹസ്യങ്ങൾ പറയാൻ വിസമ്മതിച്ച ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. വീഡിയോയുടെ അവസാന ഭാഗം നിങ്ങളുടെ സ്ക്വാ​ഡന്‍ ഏതാണ് എന്ന ചോദ്യത്തിന് ഞാൻ ഉത്തരം പറയില്ല എന്നാണു വിങ് കമാണ്ടർ അഭിനന്ദൻ ധീരമായി പാക്കിസ്ഥാൻ പട്ടാളത്തോടു പറഞ്ഞത്.